രാഹുലിനെ കണ്ട് കിരൺ റിജിജു

ഡൽഹി: ഡൽഹി പ്രതിഷേധത്തിലെ പൊലീസ് നടപടിയിൽ അമിത് ഷാ മറുപടി പറയണമെന്ന ആവശ്യം പാർലമെൻറിലും പുറത്തും ഇന്നും ശക്തമാക്കി പ്രതിപക്ഷം. സഭ നടപടികളോട് പ്രതിപക്ഷം സഹകരിക്കണമെന്നാവശ്യപ്പെട്ട് പാർലമെൻററികാര്യ മന്ത്രി കിരൺ റിജുജു രാഹുൽ ഗാന്ധിയെ കണ്ടു. രാജഭരണ കാലമല്ലെന്നും സഭയിലെത്തി മറുപടി നൽകാനുള്ള ഉത്തരവാദിത്തം അമിത് ഷാക്കുണ്ടെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു. പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തിനെതിരെ രാജ്യസഭ ചെയർമാൻ അച്ചടക്കത്തിൻ്റെ വാളോങ്ങി. രണ്ടാഴ്ചയായി തുടരുന്ന പതിവ് പ്രതിഷേധം ഇന്നും തുടരുകയായിരുന്നു. ലോക് സഭ ചേർന്നയുടൻ ബഹളം തുടങ്ങുകയായിരുന്നു. എന്നാൽ എല്ലാ ദിവസവും ഇങ്ങനെ ബഹളം തുടർന്നാൽ ജനങ്ങളുടെ വിഷയങ്ങൾ എങ്ങനെ ചർച്ച ചെയ്യാനാകുമെന്ന് സ്പീക്കർ ചോദിച്ചു. ഇതോടെ ബഹളം ഇരട്ടിയായി. സഭ നിർത്തി വച്ചു. രാജ്യസഭയിലും സമാന സാഹചര്യമായിരുന്നു നിലനിന്നത്. ബഹളം ശക്തമാക്കിയ പ്രതിപക്ഷത്തെ ചട്ടം പറഞ്ഞ് സിപി രാധാകൃഷ്ണൻ മെരുക്കാൻ നോക്കി. അമിത് ഷാ എവിടെയന്ന ചോദ്യം ശക്തമാക്കി പ്രതിപക്ഷം. പ്ലക്കാർഡുയർത്തുകയോ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയോ ചെയ്താൽ കടുത്ത ശിക്ഷയെന്ന് ചെയർമാൻ താക്കീത് നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *