സൗദിയിൽ വൻ ലഹരിവേട്ട

റിയാദ്: സൗദിയുടെ വടക്കൻ അതിർത്തി മേഖലയിൽ പാറ ക്രഷർ മെഷീനിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് വിഭാഗത്തിൽപെട്ട 14,01,925 ആംഫെറ്റമിൻ ഗുളികകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ പിടിച്ചെടുത്തു. കയറ്റുമതി നടത്തിയ ആളെയും ചരക്ക് ഏറ്റുവാങ്ങാനിരുന്നവരെയും സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ മൂന്ന് സൗദി പൗരന്മാരും ഒരു ജോർദാനിയൻ താമസക്കാരനും ഉൾപ്പെടുന്നു. രാജ്യത്തിന്റെ സുരക്ഷയെയും യുവജനങ്ങളെയും ലക്ഷ്യമിട്ട് നടക്കുന്ന ലഹരി കടത്തും വിതരണശ്രമങ്ങളും ചെറുക്കുന്നതിനായുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശക്തമായ നടപടികളുടെ ഭാഗമായാണ് ഈ വൻ ലഹരി വേട്ട. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ ലഹരി കടത്തോ വിതരണമോ സംബന്ധിച്ച വിവരങ്ങൾ അറിയിക്കാനായി ട്രോൾ ഫ്രീ നമ്പറായ 911-ലും മറ്റ് പ്രദേശങ്ങളിൽ 999-ലും ബന്ധപ്പെടാമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോളിന്റെ 5 ഹോട്ട്‌ലൈനിലേക്കോ 995@gdnc.gov.sa എന്ന ഇമെയിലിലേക്കോ വിവരങ്ങൾ കൈമാറാവുന്നതാണ്. വിവരദാതാക്കളുടെ പേരുവിവരങ്ങൾ കർശനമായും രഹസ്യമായി സൂക്ഷിക്കുമെന്നും യാതൊരു നിയമനടപടിയും നേരിടേണ്ടിവരില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *