ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മനോജ് തിവാരി

കൊല്‍ക്കത്ത: അയർലൻഡിനെതിരായ ടി20 പരമ്പരയിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീം മാനേജ്‌മെന്‍റിനും മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയോ ലോകകപ്പോ ഇന്ത്യ ജയിച്ചാൽ പോലും, അയർലൻഡിനോട് വഴങ്ങിയ ഈ കനത്ത പരാജയത്തെക്കുറിച്ച് കൃത്യമായ ചോദ്യങ്ങൾ ഉയരണമെന്ന് തിവാരി ആവശ്യപ്പെട്ടു. ടീമിലെ പ്രധാന ‘തീരുമാനങ്ങൾ എടുക്കുന്ന ആളുടെ’ (ഗൗതം ഗംഭീർ) പിആർ ഏജൻസികൾ ഇനി തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തലയിൽ കെട്ടിവെക്കാൻ നോക്കുമെന്നും സ്വന്തം പിഴവുകൾ അവർ മൂടിവെക്കുമെന്നും തന്‍റെ എക്സ് ഹാൻഡിലിൽ പങ്കുവെച്ച വീഡിയോയിയിൽ തിവാരി തുറന്നടിച്ചു. ഇന്ത്യ ഒരുപക്ഷേ അടുത്തവര്‍ഷം ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ജയിച്ചേക്കാം, അടുത്ത് നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയും സ്വന്തമാക്കിയേക്കാം. എന്നാൽ അയർലൻഡിനോട് തോറ്റ ഈ ടി20 പരമ്പരയുടെ കാര്യമോ?. ആരാണ് ഇതിന് മറുപടി പറയുക? യഥാർത്ഥ പ്രശ്നം എന്താണെന്ന് ചൂണ്ടിക്കാണിക്കാൻ ഞാൻ നേരത്തെ പറഞ്ഞപ്പോൾ ആരും എന്നെ വിശ്വസിച്ചില്ല. ടീമിലെ യഥാർത്ഥ സൂത്രധാരന്‍റെ സുഹൃത്തുക്കളും പിആർ ഏജൻസികളും ചേർന്ന് ഈ തോൽവിയുടെ പാപകറ മുഴുവൻ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തലയില്‍ കെട്ടിവെക്കാൻ ഇപ്പോഴെ ചരടുവലിക്കാൻ തുടങ്ങുമെന്ന് തനിക്കറിയാമെന്നും മനോത് തിവാരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *