ദോഹ: ഖത്തറിലെ സമുദ്ര ഗതാഗതം പൂർണ്ണമായി പുനരാരംഭിച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു. ഞായറാഴ്ചയാണ് രാജ്യത്തെ എല്ലാത്തരം ബോട്ടുകൾക്കും കപ്പലുകൾക്കും സർവീസ് നടത്താൻ അനുമതി നൽകിയത്. പ്രദേശത്തെ സാഹചര്യങ്ങൾ അടിസ്ഥാനമാക്കി മുൻകരുതലായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇപ്പോൾ പിൻവലിച്ചത്. ഇതോടെ വിനോദ സഞ്ചാര ബോട്ടുകൾ , വാണിജ്യ കപ്പലുകൾ ,മത്സ്യബന്ധന ബോട്ടുകൾ എന്നിവയ്ക്ക് കടലിൽ സഞ്ചരിക്കുന്നതിന് തടസ്സങ്ങൾ നീങ്ങി.
ഗതാഗത മന്ത്രാലയത്തിന്റെ പുതിയ നിർദേശപ്രകാരം വിനോദസഞ്ചാര ബോട്ടുകൾ ഉൾപ്പെടെ മിക്ക കപ്പലുകൾക്കും രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് അനുമതി. അതേസമയം , ലൈസൻസുള്ള മത്സ്യബന്ധന ബോട്ടുകൾക്ക് ഏത് സമയത്തും കടലിൽ സർവീസ് നടത്താവുന്നതാണ്. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. എല്ലാ കപ്പലുകളിലും ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം, വി.എച്.എഫ് റേഡിയോ എന്നിവ പ്രവർത്തനസജ്ജമായിരിക്കണം. ഇത്തരത്തിൽ സമുദ്ര ഗതാഗതം പുനഃരാരംഭിക്കുന്നത് ഖത്തറിന്റെ വ്യാപാര- ലോജിസ്റ്റിക്സ് മേഖലയ്ക്ക് വലിയ കരുത്തേകുമെന്നാണ് വിലയിരുത്തൽ.
