മേഘാലയ ഹണിമൂൺ കൊലപാതകം: സോനം രഘുവംശിയുടെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി

ഭോപ്പാൽ: മധുവിധു യാത്രയ്ക്കിടെ ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. മൂന്ന് ആഴ്ചയ്ക്കുള്ളിൽ വിചാരണക്കോടതിക്ക് മുന്നിൽ കീഴടങ്ങാൻ സോനം രഘുവംശിയോട് സുപ്രീം കോടതി നിർദേശിച്ചു. മേഘാലയ സർക്കാരിന്റെ അപ്പീൽ പരിഗണിച്ച എംഎം സുന്ദരേശ്, പി ബി വരാലേ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. നേരത്തെ ഏപ്രിലിൽ ഷില്ലോങ് വിചാരണക്കോടതി സോനത്തിന് ജാമ്യം അനുവദിച്ചിരുന്നു. ജൂൺ അവസാനത്തോടെ മേഘാലയ ഹൈക്കോടതിയും ഈ ജാമ്യം ശരിവച്ചിരുന്നു. ഇതിനെതിരെയാണ് മേഘാലയ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. കേസിന്റെ ഈ ഘട്ടത്തിൽ സോനം ജാമ്യത്തിൽ കഴിയുന്നത് കേസിനെ ബാധിക്കുമെന്നായിരുന്നു മേഘാലയ സർക്കാർ കോടതിയിൽ വിശദമാക്കിയത്.

വിചാരണ കാര്യക്ഷമമായും വേഗത്തിലും മുന്നോട്ട് പോകുന്നില്ലെങ്കിൽ ആറ് മാസത്തിന് ശേഷം പ്രതിക്ക് വീണ്ടും പുതിയ ജാമ്യാപേക്ഷ സമർപ്പിക്കാമെന്നും വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീം കോടതി സോനത്തിന്റെ ജാമ്യം റദ്ദാക്കിയത്. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ 25 കാരിയായ സോനം, 2025 മേയ് 11നാണ് രാജാ രഘുവംശിയെ വിവാഹം ചെയ്തത്. ഭർത്താവ് രാജ രഘുവംശിക്കൊപ്പം മധുവിധു ആഘോഷിക്കാനായി മേയ് 20നാണ് ഇവർ മേഘാലയയിലേക്ക് പോയത്. യാത്രയ്ക്കിടെ ഇവരെ കാണാതാവുകയും, പിന്നീട് നടത്തിയ തെരച്ചിലിൽ രാജയുടെ മൃതദേഹം ആഴത്തിലുള്ള ഒരു കൊക്കയിൽ നിന്ന് കണ്ടെത്തുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സാമ്പത്തിക ലാഭത്തിനായി വാടകക്കൊലയാളികളെ ഉപയോഗിച്ച് സോനം ഭർത്താവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയതായി കണ്ടെത്തി. 2025 ജൂൺ 2നാണ് ഇവർ അറസ്റ്റിലായത്.

കേസിന്റെ വസ്തുതകൾ പരിശോധിക്കുമ്പോൾ പ്രതി ജാമ്യത്തിന് അർഹയല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അറസ്റ്റിന്റെ കൃത്യമായ വിവരങ്ങൾ തനിക്ക് നൽകിയിട്ടില്ലെന്ന സോനത്തിന്റെ വാദം കോടതി തള്ളി. മേഘാലയ സർക്കാരിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കോടതിയിൽ ഹാജരായത്. ഇനിയും ജാമ്യത്തിൽ തുടർന്നാൽ സോനം രാജ്യം വിടുമോയെന്ന ആശങ്കയും തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *