റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങളിൽ പങ്കാളികളാകാൻ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി 17 ലക്ഷത്തിലധികം തീർഥാടകർ എത്തിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തീർഥാടകരുടെ എണ്ണത്തിൽ 2.04 ശതമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2025-ൽ ആകെ 1,673,230 പേരായിരുന്നു ഹജ്ജ് നിർവഹിച്ചതെങ്കിൽ, ഈ വർഷം ഇത് 1,707,301 ആയി ഉയർന്നു. കഴിഞ്ഞ വർഷത്തേക്കാൾ 34,071 തീർഥാടകർ ഈ പ്രാവശ്യം കൂടുതലായി എത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം ആകെ തീർഥാടകരിൽ 1,546,655 പേർ വിദേശരാജ്യങ്ങളിൽ നിന്നുള്ളവരും, 160,646 പേർ സൗദി അറേബ്യയിലെ സ്വദേശികളും വിദേശ താമസക്കാരുമാണ് . തീർഥാടകരുടെ യാത്രാനടപടികൾ സുഗമമാക്കുന്നതിനുള്ള ‘മക്ക റൂട്ട് ഇനിഷ്യേറ്റീവ്’ വഴി ഈ വർഷം 388,694 പേർ മക്കയിലെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മക്ക റൂട്ട് പദ്ധതി പ്രയോജനപ്പെടുത്തിയവരുടെ എണ്ണത്തിൽ 23.7 ശതമാനത്തിെൻറ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. തീർഥാടകർക്കായുള്ള വിവിധ സേവന സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും പ്രവേശന കവാടങ്ങളിലെ സൗകര്യങ്ങൾ വികസിപ്പിക്കാനും സാധിച്ചതാണ് ഈ വർഷത്തെ നേട്ടമായി വിലയിരുത്തുന്നു.
