ഷാർജ : എമിറേറ്റിലെ ആർട്ട് ഫൗണ്ടേഷനുകീഴിലുള്ള അൽ മജറ പാർക്ക് ഉദ്ഘാടനംചെയ്തു. യു.എ.ഇ. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പുനർ രൂപകല്പനചെയ്ത പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കലയും സംസ്കാരവും പരിപോഷിപ്പിക്കുന്ന ഷാർജയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് അൽ മജറ പാർക്കിന്റെ പുനർ രൂപകല്പന.
എമിറേറ്റിലെ അൽ മജറ പ്രദേശത്ത് സ്ഥിതിചെയ്യുന്ന പാർക്ക് ശൈഖ് സുൽത്താൻ നിരീക്ഷിച്ചു. കമ്യൂണിറ്റി ഒത്തുചേരൽ, വിനോദപരിപാടികൾ തുടങ്ങിയവയ്ക്കും അനുയോജ്യമായ പാർക്കിലെ സൗകര്യങ്ങളും അദ്ദേഹം വിലയിരുത്തി. റണ്ണിങ് ട്രാക്ക്, ക്ലൈംബിങ് നെറ്റ്‌സ്, ഫുട്‌ബോൾ, ബാസ്കറ്റ്‌ബോൾ കോർട്ടുകൾ, സ്‌കേറ്റിങ് ഏരിയകൾ, ക്രിക്കറ്റ് ഗ്രൗണ്ട് എന്നിവയും പാർക്കിലുണ്ട്. ഷാർജ ആർട്ട് ഫൗണ്ടേഷൻ പ്രസിഡന്റ് ശൈഖ് ഹൂർ അൽ ഖാസിമി, ഡയറക്ടർ ശൈഖ നവാർ അൽ ഖാസിമി, ഷാർജ പൊതുമരാമത്ത് വകുപ്പ് ചെയർമാൻ എൻജിനിയർ അലി ബിൻ ഷഹീൻ അൽ സുവൈദി, ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡിവലപ്മെന്റ് അതോറിറ്റി ചെയർമാൻ ഖാലിദ് ജാസിം അൽ മിദ്ഫ, പ്രോട്ടക്കോൾ ആൻഡ് ഹോസ്പിറ്റാലിറ്റി വകുപ്പ് മേധാവി മുഹമ്മദ് ഒബൈദ് അൽ സാബി എന്നിവർചേർന്ന് ശൈഖ് സുൽത്താനെ സ്വീകരിക്കാൻ ഉണ്ടായിരുന്നത്.
