തൃണമൂൽ നേതാക്കൾക്ക് പിന്നാലെ എൻഐഎ; മമതപക്ഷ മുൻ എംഎൽഎ ഷൗക്കത്ത് മൊല്ലയുടെ വീട്ടിൽ റെയ്ഡ്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് പിന്നാലെ അന്വേഷണ ഏജൻസികൾ. മമത ബാനർജി പക്ഷത്തുള്ള മുൻ എംഎൽഎ ഷൗക്കത്ത് മൊല്ലയുടെ വീട്ടിൽ എൻഐഎ സംഘം റെയ്ഡ് നടത്തി. ബം​ഗാൾ തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. സ്ഫോടനത്തിന് പിന്നിൽ തൃണമൂൽ സ്ഥാനാ‌ർഥിയും നേതാക്കളുമാണെന്ന ആക്ഷേപം ബിജെപി ഉന്നയിച്ചിരുന്നു.

അതേസമയം, വ്യാജ ഒപ്പ് കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് തൃണമൂൽ കോൺ​ഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എംപിക്ക് സിഐഡി സംഘം നോട്ടീസ് നൽകി. ജൂൺ എട്ടിന് സിഐഡി ആസ്ഥാനത്ത് എത്താനാണ് നി‍ർദേശം. കഴിഞ്ഞ തിങ്കളാഴ്ച സിഐഡി സംഘം അഭിഷേക് ബാനർജിയുടെ വസതിയിൽ എത്തിയിരുന്നു. എന്നാൽ, ആരോ​ഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അഭിഷേക് ബാന‍ർജി രണ്ടാഴ്ച സമയം തേടിയതിനിടെയാണ് സിഐഡി വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്. തൃണമൂൽ കോൺ​ഗ്രസിലെ മുതി‍ർന്ന നേതാവ് സോബൻദേബ് ചത്തോപാധ്യായയെ പ്രതിപക്ഷ നേതാവായി അം​ഗീകരിക്കണമെന്ന്കാട്ടി നിയമസഭാ സെക്രട്ടറിയേറ്റിന് നൽകിയ കത്തിൽ എംഎൽഎമാരുടെ വ്യാജ ഒപ്പിട്ടുവെന്നാണ് അഭിഷേക് ബാനർജിക്കെതിരായ കേസ്. മെയ് 28ന് കൊൽക്കത്ത പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് സിഐഡി ഏറ്റെടുക്കുകയായിരുന്നു. അതേസമയം ബം​ഗാളിൽ പ്രൈമറി സ്കൂളിലേക്ക് നടന്ന റിക്രൂട്ട്മെൻ്റിൽ ക്രമക്കേട് നടന്നുവെന്ന പരാതിയിൽ ജൂൺ 15 ​ഹാജരാകാൻ അഭിഷേക് ബാന‍ർജിക്ക് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും നോട്ടീസ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *