‘പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ പരാതി ലഭിച്ചിട്ടില്ല’; ന്യായീകരിച്ച് മന്ത്രി കെ.എം. ഷാജി

മലപ്പുറം: മലപ്പുറത്തെ യുഡിഎഫ് പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം ചെയ്തതിൽ പ്രതികരണവുമായി തദ്ദേശ വകുപ്പ് മന്ത്രി കെഎം ഷാജി. ക്ഷേമ പെൻഷൻ വിതരണത്തിൽ പരാതി ഉയർന്നിട്ടില്ലെന്നും അത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

പെൻഷൻ വിതരണ ചുമതലക്കാരന് പനി ബാധിച്ചു. അതുകൊണ്ടാണ് ഇപ്രകാരം പെൻഷൻ നൽകേണ്ടി വന്നത്. ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് സമീപത്തെ മുറിയിലേക്ക് മാറ്റിയത്. പെൻഷൻ വിതരണ ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് നീക്കി. മേലാൽ ആവർത്തിക്കരുതെന്ന് താക്കീത് നൽകി. ഇത് ഒറ്റപ്പെട്ട സംഭവം ആണെന്നും മന്ത്രി കെഎം ഷാജി ന്യായീകരിച്ചു. പണം വിതരണം ചെയ്തുവെന്ന് പറയുന്ന കെട്ടിടത്തിൻ്റെ മുൻഭാഗത്തെ യുഡിഎഫ് തിരഞ്ഞടുപ്പ് കമ്മിറ്റി ഓഫീസ് എന്ന ബോർഡ് മാറ്റിയിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും പഞ്ചായത്ത് അധികൃതർക്കെതിരെ കൂടി നടപടി എടുക്കണമെന്നും കെ പ്രേംകുമാർ എംഎൽഎ ആവശ്യപ്പെട്ടു. ശരിയായ നടപടി അല്ല എന്ന കൃത്യമായ ബോധ്യം സർക്കാരിനുണ്ടെന്നും. ഇനി അത്തരം നടപടി അനുവദിക്കില്ലെന്നും കെ എം ഷാജി മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *