മസ്‌കത്ത്: വിദേശികൾക്ക് ഒമാനിൽ വസ്തുവകകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ യാതൊരുവിധ മാറ്റവുമില്ലെന്ന് ഭവന, നഗരാസൂത്രണ മന്ത്രാലയം വ്യക്തമാക്കി. വിദേശികളുടെ താമസാനുമതി നിയമത്തിൽ വരുത്തിയ പുതിയ ഭേദഗതികൾക്ക് പിന്നാലെ, വിദേശികൾക്ക് ഒമാനിൽ എവിടെയും പ്രോപ്പർട്ടികൾ വാങ്ങാൻ അനുമതിയുണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തീകയും അടിസ്ഥാനരഹിതമാണെന്ന് മന്ത്രാലയം അറിയിച്ചു. പുതിയ ഭേദഗതികൾ റസിഡൻസി അവകാശങ്ങളുമായി മാത്രം ബന്ധപ്പെട്ടതാണെന്നും, വിദേശികൾക്കുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം വിപുലീകരിച്ചിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. നിർമാണം പൂർത്തിയായതോ അല്ലെങ്കിൽ നിർമാണത്തിലിരിക്കുന്നതോ ആയ റിയൽ എസ്റ്റേറ്റ് യൂണിറ്റുകൾ സ്വന്തമാക്കുന്ന വിദേശികൾക്ക് സ്‌പോൺസർ ഇല്ലാതെ റെസിഡൻസി പെർമിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ടതാണ് പുതിയ ചട്ടങ്ങൾ. എന്നാൽ ഇത് നിലവിലുള്ള വസ്തു ഉടമസ്ഥാവകാശ നിയമങ്ങളെ ഒട്ടും ബാധിക്കില്ലെന്നും അധികൃതർ അറിയിച്ചു. നിലവിൽ ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകൾ , സുൽത്താൻ ഹൈതം സിറ്റി, അൽ തുറയ്യ സിറ്റി, അൽ ജബൽ അൽ ആലി തുടങ്ങിയ പുതിയ നഗര പദ്ധതികൾ, സുറൂഹ് പോലുള്ള ഇന്റഗ്രേറ്റഡ് റെസിഡൻഷ്യൽ മേഖലകൾ എന്നിവയിൽ മാത്രമേ വിദേശികൾക്ക് പ്രോപ്പർട്ടി വാങ്ങാൻ അനുമതിയുള്ളൂ. ജിസിസി പൗരന്മാർക്കുള്ള പ്രോപ്പർട്ടി ഉടമസ്ഥാവകാശം നിലവിലുള്ള പ്രത്യേക ജിസിസി കരാറുകൾക്കും ഒമാനി ചട്ടങ്ങൾക്കും വിധേയമായി തന്നെ തുടരുമെന്നും മന്ത്രാലയം ഓർമ്മപ്പെടുത്തി.
വ്യാജ വാർത്തകൾ തള്ളി ഒമാൻ
