ഐപിഎല്ലിൽ 732 റൺസ് അടിച്ചിട്ടും ഗില്ലിന് ടി20 ടീമിൽ ഇടമില്ല

മുംബൈ: ഐപിഎല്ലിൽ റൺസടിച്ചുകൂട്ടുകയും ക്യാപ്റ്റനായി ഗുജറാത്തിനെ ഫൈനലിലെത്തിക്കുകയും ചെയ്തെങ്കിലും ശുഭ്മാൻ ഗില്ലിനെ ഇന്ത്യൻ ടി20 ടീമിലേക്ക് പരിഗണിക്കേണ്ടെന്ന് സെലക്ടർമാരുടെ തീരുമാനം. അമിത ജോലിഭാരവും പരിക്കുകളും ഒഴിവാക്കുന്നതിനായി, വരാനിരിക്കുന്ന 2027 ഏകദിന ലോകകപ്പ് വരെയുള്ള കാലയളവിൽ റെഡ്-ബോൾ (ടെസ്റ്റ്) ക്രിക്കറ്റിലും ഏകദിനത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സെലക്ടർമാർ ഗില്ലിനോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായി പിടിഐ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി 163-നു മുകളിൽ സ്ട്രൈക്ക് റേറ്റിൽ 732 റൺസാണ് ഗിൽ അടിച്ചുകൂട്ടിയത്. ഐപിഎൽ കരിയറിലെ ഗില്ലിൻറെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്. എന്നാൽ മലയാളി താരം സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ഐപിഎല്ലിൽ വിസ്മയം തീർത്ത വൈഭവ് സൂര്യവംശി എന്നിവരെല്ലാം ഓപ്പണർമാരായും ടോപ്ഓർഡറിലും പരിഗണിക്കാവുന്നരായി ഉള്ളപ്പോൾ ഗില്ലിന് എവിടെ ഇടം നൽകുമെന്നതും സെലക്ടർമാർക്ക് മുന്നിലെ വലിയ വെല്ലുവിളിയായിരുന്നു. യശസ്വി ജയ്സ്വാളിനെയും പ്രിയാൻഷ് ആര്യയെയും പ്രഭ്‌സിമ്രാൻ സിംഗിനെയും പോലുള്ള താരങ്ങൾ ഓപ്പണർ സ്ഥാനത്തിനായി ശക്തമായി മത്സരരംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *