ഒമാനിലെ പ്രശസ്ത ടൂറിസം കേന്ദ്രമായ വകാൻ ഗ്രാമം വൻ വികസനത്തിലേക്ക്

മസ്‌കത്ത്: ഒമാനിലെ പർവത വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ വകാൻ ഗ്രാമം വലിയ വികസന മാറ്റങ്ങളിലേക്ക് ചുവടുവെക്കുന്നു. സഞ്ചാരികൾക്ക് വകാനിലേക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി 6.99 മില്യൺ റിയാൽ ചെലവഴിച്ചുള്ള പുതിയ റോഡ് നിർമാണ കരാറിന് അംഗീകാരമായി. ആകെ 8.7 കിലോമീറ്റർ നീളമുള്ള അത്യാധുനിക റോഡ് ശൃംഖലയാണ് പദ്ധതിയിലൂടെ യാഥാർത്ഥ്യമാകുന്നത്. തട്ടുതട്ടായുള്ള മനോഹരമായ കൃഷിയിടങ്ങളും തണുത്ത കാലാവസ്ഥയും കൊണ്ട് സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായ വകാനിലേക്ക്, പുതിയ റോഡ് വരുന്നതോടെ വിനോദസഞ്ചാരികളുടെ ഒഴുക്ക് ഇരട്ടിയാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. വകാൻ, അൽ ഫവാര ഗ്രാമങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന 6.5 കിലോമീറ്റർ പ്രധാന റോഡും, 2.2 കിലോമീറ്റർ ലിങ്ക് റോഡുമാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. പർവത മേഖലയിലെ കഠിനമായ കാലാവസ്ഥയും മഴയും പ്രതിരോധിക്കാൻ 27 ബോക്സ് കൽവെർട്ടുകളും, രാത്രികാല യാത്ര സുരക്ഷിതമാക്കാൻ 260 തെരുവുവിളക്കുകളും ഈ പാതയിൽ സ്ഥാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *