കോഴിക്കോട്: താരസംഘടന അമ്മയില്‍ ഇപ്പോള്‍ നടക്കുന്നത് ആഭ്യന്തര പ്രശ്‌നമെന്ന് സംവിധായകന്‍ കമല്‍. ‘അമ്മ’ വളരെ പാരമ്പര്യമുള്ള സംഘടനയാണെന്നും പ്രശ്‌നങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും കമല്‍ പറഞ്ഞു. നടി അന്‍സിബയെ തീവ്രവാദി, ജിഹാദി എന്നിങ്ങനെ വിളിച്ചത് ആശങ്ക ഉണ്ടാക്കുന്നു. അത് സംഘടനയുടെ ആഭ്യന്തര പ്രശ്‌നം അല്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. ‘ഒളിഞ്ഞും തെളിഞ്ഞും സംഘപരിവാറിന്റെ സാന്നിധ്യം മലയാള സിനിമയില്‍ ഉണ്ട്. ജാഗ്രതയോടെ ഇതിനെ കാണണം. അന്‍സിബയെ കേള്‍ക്കണം. പറയുന്നത് ഗൗരവമുള്ള കാര്യമാണ്. അന്‍സിബ വ്യക്തമായ കാഴ്ചപ്പാടുള്ള കുട്ടിയാണ്. ഈ പ്രശ്‌നങ്ങള്‍ കേള്‍ക്കണം. അല്ലാതെ ആര് പ്രസിഡന്റ്, സെക്രട്ടറി ആവുന്നു എന്നതല്ല പരിഗണിക്കേണ്ടത്’, കമല്‍ പറഞ്ഞു.
മോഹന്‍ലാലും മമ്മൂട്ടിയും സംഘടനയുടെ പ്രശ്‌നങ്ങളില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാറി നില്‍ക്കാന്‍ പാടില്ല. ‘അമ്മ’യിലെ പ്രശ്‌നം സിനിമയെ ബാധിക്കില്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ‘അമ്മ’യുടെ ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങള്‍ വഹിക്കാനോ ആഗ്രഹിക്കുന്നില്ലെന്ന് അന്‍സിബ പ്രതികരിച്ചു. പുതിയ തുടക്കങ്ങള്‍ക്കായി വഴിമാറുന്നുവെന്നും മാറ്റം അനിവാര്യമാണെന്നും അന്‍സിബ വ്യക്തമാക്കി. ‘ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്നേഹവും പിന്തുണയും ആണ്. അതിന് വാക്കുകള്‍ കൊണ്ട് നന്ദി പറയുന്നത് അപൂര്‍ണ്ണമായിരിക്കും.
ഒപ്പം നില്‍ക്കുന്ന ഓരോരുത്തരുടേയും ഹൃദയത്തില്‍ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് ഏറ്റവും വലിയ പുരസ്‌കാരം’, അന്‍സിബ വ്യക്തമാക്കി.
‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട് ഇനി ഒരു ഭാരവാഹിത്വത്തിലേക്കും മത്സരിക്കാനോ സ്ഥാനങ്ങള്‍ വഹിക്കാനോ ആഗ്രഹിക്കുന്നില്ല. സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകട്ടെയെന്ന് ആശംസിക്കുന്നു. ശക്തവും കരുണയും ആര്‍ജ്ജവവും ഉള്ള പുതിയ നിര ഇതിനായി കടന്നുവരട്ടെയെന്നാണ് അന്‍സിബ പറഞ്ഞത്.
