സുഗതന്‍റെ രാജിക്കായി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും

തിരുവനന്തപുരം: കാപ്പ കേസിൽ കൗൺസിലർ സുഗതൻ ജയിലിലായ പശ്ചാത്തലത്തിലെ തിരുവനന്തപുരം കോർപറേഷനിലെ അവിശ്വാസ നീക്കത്തിൽ നിന്ന് യു ഡി എഫ് പിന്മാറി. യു ഡി എഫ് പ്രതിപക്ഷ നേതാവ് കെ എസ് ശബരിനാഥൻ നടത്തിയ അവിശ്വാസ നീക്കത്തിന് സി പി എമ്മും എൽ ഡി എഫും പിന്തുണ നൽകില്ലെന്ന് വ്യക്തമായതോടെയാണ് പിന്മാറ്റം. വിവാദങ്ങൾക്കിടെ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം ഇന്ന് ചേരാനിരിക്കെയാണ് യു ഡി എഫ് അവിശ്വാസ നീക്കത്തിന് ശ്രമം നടത്തിയത്. ബി ജെ പിയുമായുള്ള രഹസ്യധാരണ മൂലമാണ് സി പി എം പിന്തുണ പ്രഖ്യാപിക്കാത്തതെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രതിപക്ഷത്ത് തന്നെ ‘അവിശ്വാസം’ വന്നതോടെ നേരിയ ഭൂരിപക്ഷത്തിൽ ഭരണം തുടരുന്ന ബി ജെ പിക്ക് ആശ്വസമായിട്ടുണ്ട്. അവിശ്വാസത്തിനില്ലെങ്കിലും കാപ്പാ കേസ് പ്രതിയായ കൗൺസിലർ സുഗതന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. മേയ‍ർ വി വി രാജേഷ് എത്തുമ്പോൾ പ്രതിഷേധിക്കാനാണ് സാധ്യത. അതുകൊണ്ടുതന്നെ കോർപറേഷനിൽ സംഘർഷത്തിനുള്ള സാധ്യതയുണ്ട്. കോർപറേഷനിലേക്ക് മാർച്ച് നടത്തുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. റിലേ സത്യഗ്രഹം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് സി പി എം.

Leave a Reply

Your email address will not be published. Required fields are marked *