ലാഹോർ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ. മുന്‍ നായകന്‍ ബാബർ അസം ടീമിലേക്ക് തിരിച്ചെത്തി. വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാനെ ടീമിൽ നിന്ന് ഒഴിവാക്കി. ഇടംകയ്യൻ പേസർ ഷഹീൻ ഷാ അഫ്രീദിയാണ് ടീമിനെ നയിക്കുന്നത്. മേയ് 30 മുതൽ ജൂൺ 4 വരെ റാവൽപിണ്ടി, ലാഹോർ എന്നിവിടങ്ങളിലാണ് ഓസ്ട്രേലിയക്കെതിരെയുള്ള 3 മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പര നടക്കുക.
ആധുനിക ക്രിക്കറ്റിന് അനുയോജ്യമായ രീതിയിൽ ആക്രമണാത്മക ബാറ്റിങ് ശൈലി ടീമിൽ കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് 33-കാരനായ മുഹമ്മദ് റിസ്‌വാനെ ഒഴിവാക്കിയത്. റിസ്‌വാന് പകരം വെടിക്കെട്ട് ബാറ്റർ ഉസ്മാൻ ഖാനാണ് വിക്കറ്റ് കീപ്പറായി ടീമിലെത്തിയത്. യുവതാരം മിർസ സാദ് ബെയ്ഗിനെയും സെലക്ടർമാർ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ നടന്ന ബംഗ്ലാദേശ് പര്യടനത്തിനുള്ള ഏകദിന ടീമിൽ നിന്ന് ഒഴിവാക്കിയ മുൻ നായകൻ ബാബർ അസമിന്‍റെ തിരിച്ചുവരവാണ് മറ്റൊരു മാറ്റം. ഓപ്പണർമാരയാ സയ്യിം അയൂബും, ഫഖർ സമനും പരിക്കേറ്റ് പുറത്തായതും ബാബർ അസമിന്റെ തിരിച്ചുവരവിന് കാരണമായി.
മോശം ഫോമിലുള്ള ഓൾറൗണ്ടർമാരായ ഫഹീം അഷ്‌റഫ്, ഹുസൈൻ തലത് എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കി. പകരം പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഹൈദരാബാദ് കിങ്‌സ്മാന് വേണ്ടി 17 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയ യുവ പേസർ ഹുനൈൻ ഷാക്ക് അരങ്ങേറ്റത്തിന് അവസരം ഒരുങ്ങി. മിസ്റ്ററി സ്പിന്നർ സൂഫിയാൻ മുഖീം, യുവ പേസർ അലി റാസ എന്നിവരും ഷഹീൻ അഫ്രീദി നയിക്കുന്ന ബൗളിങ് നിരയ്ക്ക് കരുത്തുപകരാൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.
