തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട തോൽവിക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി പിണറായി വിജയൻ. മൂന്നാം വട്ടം തുടർവിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അപ്രതീക്ഷിതമായ തിരഞ്ഞെടുപ്പ് ഫലമാണ് വന്നിട്ടുളളതെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പിണറായി വ്യക്തമാക്കുന്നു. എൽഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ലെന്നും തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം കുറിക്കുന്നു. മാത്രമല്ല ഈ തിരഞ്ഞെടുപ്പിൽ ബിജെപി 3 സീറ്റുകൾ നേടിയത് ഗൗരവതരമാണെന്നും പിണറായി വിജയൻ പ്രതികരിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീർത്തും അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് ഫലമാണ് വന്നിട്ടുള്ളത്. എല്ലാവിധ എതിർപ്രചാരണങ്ങൾക്കും ആക്രമണങ്ങൾക്കും ഇടയിലും എൽഡിഎഫിന് ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് ഞങ്ങൾ നന്ദി പറയുന്നു. മൂന്നാംവട്ടം തുടർച്ചയായി പ്രതീക്ഷിച്ച വിജയം കൈവിട്ടെങ്കിലും, വലിയൊരു ജനവിഭാഗം എൽഡിഎഫിനൊപ്പം ഉറച്ചുനിന്നുവെന്നത് ഞങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. എൽഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കമാണ്. ജനങ്ങളുടെ വിശ്വാസം മെച്ചപ്പെട്ട നിലയിൽ വീണ്ടെടുക്കാനും കൂടുതൽ ശക്തമായി മുന്നോട്ട് പോകാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും പിണറായി കുറിപ്പിൽ കൂട്ടിച്ചേർത്തു.
മൗനം വെടിഞ്ഞ് പിണറായി
