ഡൽഹി : അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക ബന്ധം ദൃഢമാക്കുന്ന മനോഹരമായ അനുഭവമാണ് മുലയൂട്ടൽ. എന്നാൽ ആദ്യമായി അമ്മയാകുന്നവർക്ക് പൊതുവെ ഈ കാലഘട്ടം ചില ശാരീരിക ബുദ്ധിമുട്ടുകൾ നിറഞ്ഞതാകാറുണ്ട്. മുലക്കണ്ണിലെ വേദന, സ്തനങ്ങൾ വീങ്ങി വീർക്കൽ (Engorgement), സ്തനങ്ങളിലെ അണുബാധ (Mastitis) എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്. മാതൃത്വത്തിന്റെ സന്തോഷങ്ങൾക്കിടയിൽ ഇത്തരം ശാരീരിക അസ്വസ്ഥതകൾ പലരെയും മാനസികമായും തളർത്താറുണ്ട്. എന്നാൽ ഭയപ്പെടേണ്ടതില്ല കൃത്യമായ അറിവും ശ്രദ്ധയും ഉണ്ടെങ്കിൽ ഈ അസ്വസ്ഥതകൾ എളുപ്പത്തിൽ പരിഹരിക്കാനും മുലയൂട്ടൽ സുഗമമാക്കാനും സാധിക്കും.
മുലയൂട്ടലിന്റെ ആദ്യ ആഴ്ചകളിൽ ഭൂരിഭാഗം അമ്മമാരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുലക്കണ്ണിലുണ്ടാകുന്ന കഠിനമായ വേദനയും പൊട്ടലും. കുഞ്ഞ് സ്തനങ്ങളിൽ ശരിയായ രീതിയിൽ വായ ഉറപ്പിക്കാത്തതാണ് ഇതിനുള്ള പ്രധാന കാരണം. ഇതുകൂടാതെ ശരിയല്ലാത്ത സ്ഥാനങ്ങളിൽ കുട്ടിയെ കിടത്തി പാൽ നൽകുന്നതും സ്തനങ്ങളിലെ ചർമ്മത്തിനുണ്ടാകുന്ന അമിതമായ വരൾച്ചയും ഈ ബുദ്ധിമുട്ട് വർദ്ധിപ്പിക്കുന്നു.
