മദീന: ഹജ്ജ് കർമങ്ങൾ പൂർത്തിയായതിന് പിന്നാലെ, മദീനയിലെ മസ്ജിദുന്നബവിയിലേക്ക് ഒഴുകിയെത്തുന്ന ലക്ഷക്കണക്കിന് തീർഥാടകരെ വരവേൽക്കാൻ സൗദി അറേബ്യ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കി. ഇരു ഹറം കാര്യാലയങ്ങൾക്കായുള്ള ജനറൽ അതോറിറ്റിയുടെ നേതൃത്വത്തിലാണ് മസ്ജിദിലും പരിസരങ്ങളിലും അത്യാധുനിക സേവന സംവിധാനങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. തീർഥാടകരുടെ സുഗമമായ പ്രവേശനവും പ്രാർത്ഥനയും ഉറപ്പാക്കാൻ അതോറിറ്റി അതീവ ജാഗ്രതയിലാണ്. വിപുലമായ ഈ തയാറെടുപ്പുകൾ തീർഥാടകർക്ക് കൂടുതൽ സുരക്ഷിതവും ആശ്വാസകരവുമായ അന്തരീക്ഷം ഒരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പ്രത്യേകം തിരിച്ചിട്ടുള്ള 141 കവാടങ്ങൾ പൂർണ സജ്ജമാക്കിക്കഴിഞ്ഞു. തിരക്ക് നിയന്ത്രിക്കാനും ജനങ്ങളുടെ സുഗമമായ യാത്രക്കുമായി പള്ളിക്കുള്ളിലും മുറ്റത്തുമായി 100 പ്രത്യേക കോറിഡോറുകളും ഒരുക്കിയിട്ടുണ്ട്. വിശ്വാസികൾക്കായി 25,000 പുതിയ പ്രാർഥനാ പരവതാനികളാണ് പള്ളിയിൽ വിരിച്ചിരിക്കുന്നത്. കൂടാതെ, പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും യാത്ര എളുപ്പമാക്കാൻ 194 എസ്‌കലേറ്ററുകളും എലിവേറ്ററുകളും പ്രവർത്തനസജ്ജമാക്കി. പതിനായിരത്തിലധികം പവിത്രമായ സംസം ജലവിതരണ കേന്ദ്രങ്ങളും മസ്ജിദിന്റെ വിവിധ ഭാഗങ്ങളിലായി അതോറിറ്റി ക്രമീകരിച്ചിട്ടുണ്ട്.
ഹജ്ജിന് ശേഷം തീർഥാടകരെ വരവേൽക്കാനൊരുങ്ങി പ്രവാചക മസ്ജിദ്
