സ്വിറ്റ്സർലാൻഡിനെ തളച്ച ആത്മവിശ്വാസത്തിൽ ഖത്തർ

ലോകകപ്പിൽ കാനഡയ്‌ക്കെതിരെയുള്ള നിർണായക പോരാട്ടത്തിന് ഒരുങ്ങി ഖത്തർ. ഖത്തർ സമയം വെള്ളിയാഴ്ച പുലർച്ചെ ഒരു മണിക്കാണ് മത്സരം. വാൻകൂവറിലെ ബി.സി പ്ലേസ് സ്റ്റേഡിയമാണ് പോരാട്ടത്തിന് വേദിയാകുക. മത്സരത്തിൽ മലയാളി താരം തഹ്‌സീൻ മുഹമ്മദ് ഇറങ്ങുമോ എന്ന് ഉറ്റുനോക്കുകയാണ് മലയാളികൾ. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ കരുത്തരായ സ്വിറ്റ്‌സർലാൻഡിനെ സമനിലയിൽ തളച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഖത്തർ ഇറങ്ങുന്നത്. ഗ്രൂപ്പിലെ നാല് ടീമുകളും ഓരോ പോയിന്റ് വീതം നേടിയ സാഹചര്യത്തിൽ മത്സരഫലം നോക്കൗട്ട് സാധ്യതകൾ നിശ്ചയിക്കുന്നതിൽ നിർണായകമാകും. ബോസ്‌നിയ-ഹെർസഗോവിനക്കെതിരെ ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ കാനഡ സ്വന്തം കാണികൾക്കു മുന്നിൽ വിജയത്തോടെ തിരിച്ചുവരാനാണ് ലക്ഷ്യമിടുന്നത്. സ്വിറ്റ്‌സർലാൻഡിനെതിരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഖത്തർ സ്വപ്നതുല്യമായ സമനില പിടിച്ചുവാങ്ങിയത്. ഗോൾ കീപ്പർ മഹ്‌മൂദ് അബൂനദയുടെ മിന്നും പ്രകടനവും പ്രതിരോധ നിരയുടെ അച്ചടക്കവും കളിയിൽ ടീമിന് കരുത്തായി. സ്വിസ് സംഘത്തിനെതിരെ പുറത്തെടുത്ത പോരാട്ടവീര്യം ആവർത്തിക്കാനായാൽ ഖത്തറിന് ജയം അകലെയാകില്ല.

Leave a Reply

Your email address will not be published. Required fields are marked *