സർക്കാരിന് ആശ്വാസം; പ്രിയദര്‍ശിനി പദ്ധതി തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചുകൊണ്ടുള്ള പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാമെന്ന് ഹൈക്കോടതി. സൗജന്യയാത്രാ പദ്ധതി നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ പരിഗണനയില്‍ വന്ന ഹര്‍ജി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പദ്ധതി രാഷ്ട്രീയ നേട്ടത്തിനുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

എന്നാല്‍ സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെയെന്നും പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുകയെന്നും കോടതി ചോദിച്ചിരുന്നു. ശാസ്ത്രീയ പഠനമോ സാമ്പത്തിക ആഘാതമോ വിലയിരുത്താതെയാണ് പദ്ധതി നടപ്പാക്കിയതെന്നും പൊതുജനാഭിപ്രായ രൂപീകരണം നടത്തിയിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രീയ നേട്ടത്തിനായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം അതേപടി നടപ്പിലാക്കി. ഇതുവഴി സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത പ്രതിവര്‍ഷം ഏകദേശം 800 കോടി രൂപയാകും. ഇത് താങ്ങാന്‍ പറ്റാത്ത ഭാരമാകുമെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.

പുരുഷന്മാരെയും സ്ത്രീകളെയും കേവലം ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വേര്‍തിരിക്കുന്നത് വിവേചനപരമാണെന്നും പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഭരണഘടനാവിരുദ്ധമായി നടപ്പിലാക്കുന്ന പദ്ധതി റദ്ദാക്കണമെന്നും കേസ് തീര്‍പ്പാകുന്നത് വരെ പദ്ധതിയുടെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *