ദുബൈ: ദേരയിലെ കറൻസി എക്സ്ചേഞ്ച് ഓഫീസിൽ നിന്ന് കവർന്ന 10 മില്യൺ ദിർഹം മിനിട്ടുകൾക്കിടെ വീണ്ടെടുത്ത് ദുബൈ പൊലീസ്. ആഫ്രിക്കൻ പൗരന്മാരായ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. SOS എമർജൻസി സേവനത്തിലൂടെയാണ് ദുബൈ പൊലീസ് കവർച്ച പരാജയപ്പെടുത്തുകയും കവർച്ചാ സംഘത്തെ കണ്ടെത്തുകയും ചെയ്തത്.
പുലർച്ചെയാണ് എക്സ്ചേഞ്ച് ഓഫീസിൽ കവർച്ച നടന്നത്. മൂഖംമൂടി ധരിച്ച മൂന്ന് പേർ അതിക്രമിച്ചുകയറി ജീവനക്കാരെ കെട്ടിയിട്ട് 10 മില്യൺ ദിർഹം പണവുമായി മുങ്ങുകയായിരുന്നു. നിരീക്ഷണ ക്യാമറകൾ തകർക്കുകയും ചെയ്തിരുന്നു. തുടർന്ന് ഒരു ജീവനക്കാരൻ സ്വയം കെട്ടഴിച്ച് തന്റെ മൊബൈൽ ഫോണിൽ ദുബൈ പൊലീസിന്റെ SOS എമർജൻസി സേവനം ആക്ടീവാക്കുകയായിരുന്നു. തൽക്ഷണം ഓപ്പറേഷൻസ് റൂമിൽ അലേർട്ട് ലഭിക്കുകയും ഉടനടി പ്രതികരണം ആരംഭിക്കുകയുമായിരുന്നു.
വെറും 10 മിനിറ്റിനുള്ളിൽ ഒരു ട്രാഫിക് സർജന്റ് സംശയാസ്പദമായ ഒരു വാഹനം തടഞ്ഞു നിർത്തി, പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തു. മോഷ്ടിച്ച പണത്തിന്റെ ഒരു ഭാഗം അടങ്ങിയ ബാഗുകൾ ഉദ്യോഗസ്ഥർ കണ്ടെടുക്കുകയും ചെയ്തു. ബാക്കിയുള്ള പ്രതികളെ തിരയാൻ ദുബൈ പൊലീസ് ഹെലികോപ്റ്റർ വിന്യസിച്ചു. പണത്തിന്റെ ബാഗുകൾ ഉപേക്ഷിച്ച് വ്യാവസായിക യാർഡിലെ കാർഗോ കണ്ടെയ്നറുകൾക്കിടയിൽ ഒളിക്കാൻ ശ്രമിച്ച പ്രതികളെ ഹെലികോപ്റ്റർ ജീവനക്കാർ കണ്ടെത്തി. ഇതോടെ ഗ്രൗണ്ട് സംഘം സ്ഥലത്തെത്തുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പണം ചെലവഴിക്കുകയോ ഒളിപ്പിക്കുകയോ ചെയ്യുന്നതിന് മുമ്പ് മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തു, 10 മില്യൺ ദിർഹം കണ്ടെടുക്കുകയും ചെയ്തു.
