ന്യൂഡൽഹി: പ്രതി അപ്പീൽ നൽകിയില്ലെങ്കിലും ശിക്ഷ റദ്ദാക്കാനോ മാറ്റംവരുത്താനോ മേൽക്കോടതികൾക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി. അസമിലെ ബലാത്സംഗക്കൊലക്കേസ് പ്രതിയെ വെറുതേവിട്ടാണ് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.
ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളിൽനിന്ന് പ്രതിയെ ഹൈക്കോടതി വെറുതേവിട്ടെങ്കിലും തെളിവ് നശിപ്പിക്കലിന് ശിക്ഷിച്ചിരുന്നു. പ്രധാനകുറ്റങ്ങൾക്ക് വെറുതേവിട്ടതിനെതിരേ അസം സർക്കാർ നൽകിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾക്ക് വെറുതേവിട്ടത് ശരിവെച്ച സുപ്രീംകോടതി, തെളിവ് നശിപ്പിക്കൽ കുറ്റംകൂടി റദ്ദാക്കി. തെളിവ് നശിപ്പിക്കലിന് ശിക്ഷിച്ചത് പ്രതി ചോദ്യംചെയ്തിരുന്നില്ല. അതിനാൽ, ശിക്ഷ റദ്ദാക്കാനാകുമോ എന്നതായിരുന്നു സുപ്രീംകോടതിക്കുമുന്നിലെ നിയമപ്രശ്നം.
പ്രതി ശിക്ഷ ചോദ്യംചെയ്തിട്ടില്ല എന്നത്, അപ്പീൽക്കോടതിയുടെ അധികാരം പരിമിതപ്പെടുത്തുന്നില്ലെന്ന് ജസ്റ്റിസ് വിക്രം നാഥ് എഴുതിയ വിധിന്യായത്തിൽ നിരീക്ഷിച്ചു. കീഴ്ക്കോടതിയുടെ കണ്ടെത്തൽ ശരിവെക്കാനോ റദ്ദാക്കാനോ മാറ്റംവരുത്താനോ ക്രിമിനൽനടപടിച്ചട്ടത്തിലെ 386-ാം വകുപ്പ് പ്രകാരം അപ്പീൽക്കോടതിക്ക് അധികാരമുണ്ടെന്ന് മൊയിനുൾ ഹഖ് എന്ന പ്രതിയെ വെറുതേവിട്ട് സുപ്രീംകോടതി അറിയിച്ചു.
