ദുബായ് : എമിറേറ്റിൽ മൂന്ന് പുതിയ പദ്ധതികൾക്ക് യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. നഗര സേവനങ്ങളും പൊതുയിടങ്ങളും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ദുബായ് മുനിസിപ്പാലിറ്റി രൂപകല്പന ചെയ്ത വികസന പദ്ധതികളുടെ പുതിയ പാക്കേജിനാണ് അംഗീകാരം നൽകിയത്. ദുബായ് ഫാൽക്കൺ മാർക്കറ്റ്, ദുബായ് ക്രീക്ക് ലൈറ്റിങ്, എ.ഐ. ഡിസൈൻഡ് പാർക്ക് എന്നിവയാണ് പുത്തൻ പദ്ധതികൾ. താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ പ്രയോജനപ്പെടുന്നതും പൈതൃകം, സാങ്കേതികവിദ്യ, ജീവിതനിലവാരം എന്നിവയ്ക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്ന നൂതന ആശയങ്ങളിൽ ദുബായ് നിക്ഷേപം തുടരുകയാണെന്നും ശൈഖ് ഹംദാൻ പറഞ്ഞു. നവീകരണവും പൈതൃകവും സുസ്ഥിരതയും സംയോജിപ്പിക്കുന്ന പദ്ധതികളാണിതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക പൈതൃകത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് ഫാൽക്കണുകൾ. ഇമിറാത്തി സംസ്കാരത്തെ ആഘോഷമാക്കാനാണ് മേഖലയിൽ ആദ്യത്തെ ഫാൽക്കൺ മാർക്കറ്റ് നിമിക്കാനുള്ള ഒരുക്കം.
ദുബായ് മുനിസിപ്പാലിറ്റിയുടെ പുത്തൻ പദ്ധതികൾക്ക് ശൈഖ് ഹംദാന്റെ അംഗീകാരം
