ഹൈദരാബാദ്: വരാനിരിക്കുന്ന ദുലീപ് ട്രോഫിക്കുള്ള 15 അംഗ സൗത്ത് സോണ്‍ ടീമിന്റെ ക്യാപ്റ്റനായി ഇന്ത്യയുടെ ടി20 വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ്മയെ തെരഞ്ഞെടുത്തു. ആഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 10 വരെ ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സിലാണ് ടൂര്‍ണമെന്റ്. ആന്ധ്ര ബാറ്റര്‍ റിക്കി ഭുയ് ആണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ആന്ധ്രയില്‍ നിന്നുള്ള പരിചയസമ്പന്നനായ ലെവല്‍ 2 കോച്ച് എം എന്‍ വിക്രം വര്‍മയെ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. സിംബാബ്വെയ്ക്കെതിരായ ടി20 പരമ്പര 3-0ത്തിന് സ്വന്തമാക്കിയ ഇന്ത്യന്‍ ടീമില്‍ തിലക് വര്‍മ അംഗമായിരുന്നു. വെറ്ററന്‍ താരം കരുണ്‍ നായര്‍, 2025/26 രഞ്ജി ട്രോഫിയില്‍ 950 റണ്‍സുമായി ടോപ് സ്കോററായ കര്‍ണാടകയുടെ ആര്. സ്മരണ്‍, ഹൈദരാബാദിന്റെ കെ. ഹിമതേജ തുടങ്ങിയ പ്രമുഖര്‍ ടീമിലുണ്ട്. ശ്രീലങ്ക എ ടീമിനെതിരെയുള്ള പരമ്പര വിജയിച്ച ഇന്ത്യ എ ടീമില്‍ അംഗമായിരുന്ന ഷെയ്ഖ് റഷീദ്, ഗോവയുടെ അഭിനവ് തേജ്റാന എന്നിവരും ടീമില്‍ ഇടംനേടിയിട്ടുണ്ട്. ശ്രീലങ്കന്‍ പര്യടനത്തിലെ ഇന്ത്യ എ ടീമിലുണ്ടായിരുന്ന തമിഴ്നാടിന്റെ എന്‍. ജഗദീശനാണ് വിക്കറ്റ് കീപ്പിംഗ് ചുമതല.
ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമിനെ പ്രഖ്യാപിച്ചു
