കോട്ടയം: ഈരാറ്റുപേട്ടയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ബിജെപി നേതാവ് പി.സി. ജോർജിന്റെ വീട്ടിലും വെള്ളം കയറി. പുലർച്ചെ രണ്ടരയോടെ വെള്ളം വീട്ടിലേക്ക് ഇരച്ചെത്തിയതോടെ പി.സി. ജോർജും ഭാര്യയും മകനും വീടിന്റെ മുകളിലത്തെ നിലയിൽ അഭയം തേടി.
ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം വീടിനും 30 ലക്ഷം രൂപയുടെ നഷ്ടം ഭാര്യ ഉഷയുടെ തുണിക്കടയ്ക്കുമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. ഫ്രിഡ്ജുകൾ, ടിവി, വീട്ടുപകരണങ്ങൾ, രണ്ട് ഇന്നോവ കാറുകൾ എന്നിവയും വെള്ളത്തിൽ കേടായി. കഴിഞ്ഞ 40 വർഷത്തിനിടെ ആദ്യമായാണ് ഈ പ്രദേശത്ത് ഇത്തരത്തിൽ വെള്ളം കയറുന്നതെന്ന് പി.സി. ജോർജ് പറഞ്ഞു. എന്നാൽ, എല്ലാവർക്കും ദുരിതമുണ്ടായ സമയത്ത് സ്വന്തം നഷ്ടം മാത്രം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
