ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ മാഗ്‌ലെവ് ബുള്ളറ്റ് ട്രെയിന്‍. വെറും 5.3 സെക്കന്‍ഡിനുള്ളിലാണ് മണിക്കൂറില്‍ 800 കിലോമീറ്റര്‍ എന്ന വേഗത കൈവരിച്ചത്. ആറ് മാസത്തിനിടെ മൂന്നാം തവണയാണ് ഈ ട്രെയിന്‍ വേഗതാ റെക്കോര്‍ഡ് മറികടക്കുന്നത്. ഹുബെയ് പ്രവിശ്യയിലെ ഡോങ്ഹു ലബോറട്ടറിയിലെ ട്രാക്കിലായിരുന്നു പരീക്ഷണം. എന്നാല്‍ 1.1 ടണ്‍ ഭാരമുള്ള ഈ പരീക്ഷണ ട്രെയിന്‍ യാത്രക്കാരെ കൊണ്ടുപോകുന്നതിനായി രൂപകല്‍പ്പന ചെയ്തതല്ല. റോക്കറ്ററി, എയ്‌റോസ്‌പേസ് തുടങ്ങി അതിവേഗ സാങ്കേതികവിദ്യകളില്‍ ഭാവിയില്‍ ഉപയോഗിക്കാവുന്ന സംവിധാനങ്ങള്‍ പരീക്ഷിക്കുകയാണ് ഗവേഷകരുടെ ലക്ഷ്യം.
ഏറ്റവും പുതിയ പരീക്ഷണത്തില്‍ 5.3 സെക്കന്‍ഡിനുള്ളില്‍ 800 കിലോമീറ്റര്‍ വേഗതയിലെത്തിയ വാഹനം ഏകദേശം 200 മീറ്റര്‍ ദൂരത്തിനുള്ളില്‍ നിയന്ത്രിച്ച് നിര്‍ത്തുകയും ചെയ്തു. ഇത്രയും ഉയര്‍ന്ന വേഗത കൈവരിക്കുന്നതിനൊപ്പം സുരക്ഷിതമായി വേഗത കുറയ്ക്കുന്നതിനുള്ള ബ്രേക്കിങ് സംവിധാനവും പരീക്ഷണത്തിന്റെ പ്രധാന ഭാഗമായിരുന്നു. 2025 ജൂണിലായിരുന്നു ഈ പരീക്ഷണ വാഹനം ആദ്യമായി റെക്കോര്‍ഡ് സ്ഥാപിച്ചത്. അന്ന് 7 സെക്കന്‍ഡില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത കൈവരിച്ചിരുന്നു. പിന്നീട് 700 കിലോമീറ്ററും 798 കിലോമീറ്ററും വേഗതയിലെത്തിച്ച് ഗവേഷകര്‍ റെക്കോര്‍ഡ് മെച്ചപ്പെടുത്തി.
