പശ്ചിമ ക്യൂബയില്‍ ശക്തമായ ഭൂചലനം; ഫ്‌ളോറിഡയിലും പ്രകമ്പനം

ഹവാന: ക്യൂബന്‍ തീരത്ത് ശക്തമായ ഭൂചലനം. പശ്ചിമ ക്യൂബയ്ക്ക് സമീപമാണ് 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. തലസ്ഥാനമായ ഹവാനയില്‍ കെട്ടിടങ്ങള്‍ക്ക് അടക്കം കുലുക്കം അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ പ്രകമ്പനം അമേരിക്കയിലെ ഫ്‌ളോറിഡയിലും ഉണ്ടായെന്ന് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂചലനത്തില്‍ വലിയ നാശനഷ്ടങ്ങളോ ജീവഹാനിയോ രേഖപ്പെടുത്തിയിട്ടില്ല. ഹവാനയ്ക്ക് പടിഞ്ഞാറ് ഭാഗത്തായുള്ള കടലിന്റെ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പില്ല.

ഫ്‌ളോറിഡ സംസ്ഥാനത്തിന്റെ തെക്ക്- പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നിരവധി പ്രകമ്പനങ്ങള്‍ ഉണ്ടായതായി മയാമി കാലാവസ്ഥ നിരീക്ഷ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള സമൂഹമാധ്യമ പോസ്റ്റുകളില്‍ ഓര്‍ലാന്‍ഡോ കഴിഞ്ഞും പ്രകമ്പനം അനുഭവപ്പെട്ടതായി വ്യക്തമാക്കുന്നുണ്ട്. മയാമി- ഡേഡ് കൗണ്ടിയില്‍ പല കെട്ടിടങ്ങളും മുന്‍കരുതലിന്റെ ഭാഗമായി ഒഴിപ്പിച്ചിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസും ഉള്‍പ്പെടും. തിരക്ക് നിറഞ്ഞ നഗരത്തിലൂടെയുള്ള രണ്ട് ഇലവേറ്റഡ് കമ്മ്യൂട്ടര്‍ ട്രെയിന്‍ സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *