കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനൊപ്പം 4 യുവ സ്പിന്നർമാരെ കൂടി നെറ്റ് ബൗളർമാരായി ടീമിലുള്‍പ്പെടുത്തി. സ്പിന്നര്‍മാരായ ഹർഷ് ദുബെ, തനുഷ് കോടിയാൻ, വിപ്രജ് നിഗം, ശിവംഗ് കുമാർ എന്നിവരാണ് കൊളംബോയിലെ നോൺഡെസ്ക്രിപ്റ്റ്സ് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിൽ ആരംഭിച്ച പരിശീലന ക്യാമ്പിൽ ശുബ്മാൻ ഗിൽ നയിക്കുന്ന ടീമിനൊപ്പം ചേർന്നത്. സ്പിന്നിനെ പിന്തുണയ്ക്കുന്ന ശ്രീലങ്കൻ വിക്കറ്റുകളിൽ ഇന്ത്യയുടെ ബാറ്റർമാരെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് നാലു യുവ സ്പിന്നര്‍മാരെ കൂടി ബിസിസിഐ ശ്രീലങ്കയിലെത്തിച്ചിരിക്കുന്നത്.
വിദർഭയിൽ നിന്നുള്ള ഇടങ്കയ്യൻ സ്പിൻ ഓൾറൗണ്ടറായ ഹർഷ് ദുബെ, ഈ വർഷം തുടക്കത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം കുറിച്ച താരമാണ്. മുംബൈയുടെ ഓഫ് സ്പിൻ ഓൾറൗണ്ടറായ തനുഷ് കോടിയാൻ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള സ്ക്വാഡിൽ ഇടംപിടിച്ചിരുന്നു.
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരവും ഇന്ത്യ ‘എ’ ടീമിലെ അംഗവുമാണ് ലെഗ് സ്പിൻ ഓൾറൗണ്ടറായ വിപ്രജ് നിഗം. മധ്യപ്രദേശിൽ നിന്നുള്ള ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നർ (ചൈനാമാൻ ബൗളർ) ആയ ശിവംഗ് കുമാർ ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്നു.
