പാർട്ടി മാറി ലീഗ് മന്ത്രിസഭയിലേക്ക്

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചരിത്രവഴി തുറന്ന് മുസ്‍ലിം ലീഗ് മന്ത്രിസഭയിലേക്ക്. പാർട്ടി പ്രതിനിധിയായി പാപനാശം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ എ.എം. ഷാജഹാൻ വിജയ് സർക്കാറിന്റെ ഭാഗമാകും. തമിഴ്‌നാടിന്റെ ചരിത്രത്തിൽ ആദ്യമായാണ് മുസ്‍ലിം ലീഗിന് മന്ത്രിസ്ഥാനം ലഭിക്കുന്നത്. അതേസമയം, മന്ത്രിസഭയിലേക്ക് ലഭിച്ച ക്ഷണം വിടുതലൈ ചിരുതൈകൾ കച്ചി നിരസിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 23 എം.എൽ.എമാർ ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഡി.എം.കെ മുന്നണിയുടെ ഭാഗമായിരുന്ന കാലത്തൊന്നും ലീഗിന് മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. പലപ്പോഴും ലീഗ് സ്ഥാനാർഥികൾ ഡി.എം.കെയുടെ ഉദയസൂര്യൻ ചിഹ്നത്തിൽ മത്സരിക്കേണ്ടി വന്ന സാഹചര്യവുമുണ്ടായിരുന്നു. ഇതിൽ നിന്നെല്ലാമുള്ള വലിയൊരു രാഷ്ട്രീയ മാറ്റമാണ് പുതിയ തമിഴക വെട്രി കഴകം സർക്കാറിന് കീഴിൽ ലീഗ് സ്വന്തമാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ ടി.വി.കെ സ്ഥാനാർഥിയെ പരാജയപ്പെടുത്തിയാണ് പാപനാശത്തുനിന്ന് ഷാജഹാൻ നിയമസഭയിലെത്തിയത്. അന്ന് ടി.വി.കെയെ തോൽപ്പിച്ച വ്യക്തി തന്നെ ഇന്ന് ടി.വി.കെ നയിക്കുന്ന മന്ത്രിസഭയുടെ ഭാഗമാവുന്നു എന്ന രാഷ്ട്രീയ കൗതുകവും ഈ തീരുമാനത്തിന് പിന്നിലുണ്ട്. ന്യുനപക്ഷ ക്ഷേമവകുപ്പാണ് ഷാജഹാന് ലഭിക്കുകയെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *