ഡൽഹി : 80ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തി. ധീരസ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച് തുടങ്ങിയത്. എല്ലാ മനസുകളിലും വന്ദേമാതരം മുഴങ്ങുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പുത്തൻ പ്രതീക്ഷകളുമായി നാം മുന്നേറുകയാണ്. ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനുള്ള യാത്രയിലാണ് നാം. ആ യാത്ര സഫലമാകും, സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും. വികസിത ഭാരതം 2047ലേക്ക് ഇനിയും ഏറെ ലക്ഷ്യങ്ങളുണ്ട്. വലിയ നേട്ടങ്ങൾ സാക്ഷാത്കരിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 12 വർഷമായി ദൃഢനിശ്ചയത്തോടെ നാം പ്രവർത്തിക്കുന്നു. ദുർബലമായ സമ്പദ് വ്യവസ്ഥയിൽ നിന്ന് ലോകശക്തിയായി നാം മാറി. സാങ്കേതിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായി. ഡിജിറ്റൽ രംഗത്തും മുന്നേറ്റമുണ്ടായി. ദാരിദ്ര്യനിർമ്മാർജനമെന്ന ലക്ഷ്യവും വിജയം കാണുന്നു. കാലഹരണപ്പെട്ട നിയമങ്ങൾ തള്ളിക്കളഞ്ഞു. നിയമവ്യവസ്ഥ ശക്തവും സുതാര്യവുമാക്കി. അടിസ്ഥാന സൗകര്യങ്ങൾ എല്ലാവർക്കുമെന്ന ലക്ഷ്യം സാക്ഷാത്ക്കരിച്ചു. സ്വയംപര്യാപ്തത പൂർണ അർത്ഥത്തിൽ യാഥാർത്ഥ്യമാക്കണമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി
