മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ആരാധകരുടെ ആവേശം വാനോളമുയർത്തി മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ. 17-ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ (IFFM) ഭാഗമായി നടന്ന പരിപാടിയിൽ ദുൽഖറിനെ കാണാനായി വൻ ജനക്കൂട്ടമാണ് ഫെഡറേഷൻ സ്ക്വയറിൽ എത്തിയത്. താരത്തെ നേരിൽ കാണാനുള്ള ആവേശത്തിൽ ആരാധകർ ഒന്നടങ്കം എത്തിയതോടെ ഫെഡറേഷൻ സ്ക്വയർ ആഘോഷത്തിമിർപ്പിലായി.
IFFM 2026ന്റെ ഭാഗമായി മെൽബണിൽ സജീവ സാന്നിധ്യമായ ദുൽഖർ സൽമാൻ ഇതിനോടകം ശ്രദ്ധേയമായ നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. ‘കാന്ത’യിലെ പ്രകടനത്തിന് 17-ാമത് IFFMൽ മികച്ച നടനുള്ള പുരസ്കാരം ദുൽഖർ സ്വന്തമാക്കിയിരുന്നു.
പുരസ്കാരനേട്ടത്തിന് പിന്നാലെ, ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തൻ്റെ പുതിയ മലയാളം ആക്ഷൻ ത്രില്ലർ ചിത്രം ‘ഐ ആം ഗെയിം’ ന്റെ പ്രമോഷനിലും ദുൽഖർ സജീവമാണ്. നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പുതിയ റിലീസ് സംബന്ധിച്ച വിവരങ്ങളും IFFM വേദിയിൽ ദുൽഖറിന്റെ സാന്നിധ്യവും ആരാധകരിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമയുടെ വൈവിധ്യവും ആഗോള സ്വീകാര്യതയും ആഘോഷിക്കുന്ന IFFM 2026 ഓഗസ്റ്റ് 13 മുതൽ 23 വരെയാണ് മെൽബണിലും റീജിയണൽ വിക്ടോറിയയിലുമായി നടക്കുന്നത്. 130-ലേറെ ചിത്രങ്ങളാണ് വിവിധ ഇന്ത്യൻ ഭാഷകളിലായി ഇത്തവണ മേളയിൽ പ്രദർശിപ്പിക്കുന്നത്.
മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ദുൽഖറിനെ കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടം, മലയാളി താരത്തിന്റെ ഇന്ത്യയ്ക്ക് പുറത്തുള്ള, പ്രത്യേകിച്ച് ഓസ്‌ട്രേലിയയിലെ, വൻ ജനപ്രീതിക്ക് മറ്റൊരു തെളിവായി മാറുകയായിരുന്നു
