തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു

തൃശ്ശൂർ: തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷയും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (എസ്ഡിആർഎഫ്) നിന്ന് 4 ലക്ഷം രൂപയും നൽകാനാണ് മന്ത്രിസഭാ യോ​ഗം തീരുമാനിച്ചത്. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നൽകും. ചികിത്സ ചെലവ് മുഴുവൻ സർക്കാർ വഹിക്കും. സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണം നടത്താനും മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്നലെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനത്തിൽ 13 പേർക്കാണ് ജീവൻ നഷ്ടമായത്. 9 മൃതദേഹങ്ങളാണ് ഇതുവരെ മോർച്ചറിയിൽ എത്തിയത്. അതിൽ 7 എണ്ണം തിരിച്ചറിഞ്ഞു. ‌‌‌മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. തൃശ്ശൂർ പഴയന്നൂർ സ്വദേശി സുദർശൻ (54), പാലക്കാട് കച്ചൂർ സ്വദേശി വാസുദേവൻ (54), തൃശ്ശൂർ കുണ്ടന്നൂർ സ്വദേശി സുവിൻ (40), എടപ്പാൾ സ്വദേശി മണികണ്ഠൻ (60), മലപ്പുറം കുളത്തൂർ സ്വദേശി സുബ്രമണ്യൻ (50 വയസ്), ചിറക്കൽ സ്വദേശി ബിജീഷ്, കോട്ടപ്പുറം സ്വദേശി മണികണ്ഠൻ (33), ഇയാൾ വെടിക്കെട്ട്‌ പുരയിലെ ജീവനക്കാരനല്ല, പ്രദേശവാസിയാണ്.

മൃതദേഹങ്ങൾക്ക് പുറമെ 26 ശരീര ഭാഗങ്ങളാണ് മോർച്ചറിയിൽ ഉള്ളത്. ഡിഎൻഎ പരിശോധനയ്ക്കായി രാജീവ് ഗാന്ധി ബയോ ടെക്നോളജിയിലെ ഏഴംഗസംഘം തൃശൂർ മെഡിക്കൽ കോളജിൽ എത്തി. മുപ്പതോളം ശരീരാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും. അതേസമയം പതിമൂന്ന് പേരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്. പതിന്നൊന്ന് പേർ തൃശൂർ മെഡിക്കൽ കോളജിലും രണ്ട് പേർ എലൈറ്റ് ആശുപത്രിയിലുമാണ്. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ട് പേർ വെന്റിലേറ്ററിലാണ്.

Leave a Reply

Your email address will not be published. Required fields are marked *