ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ വിസ്മയത്തിന് ശേഷം ഏകദിന ക്രിക്കറ്റിലും റണ്‍വേട്ട തുടരുകയാണ് വൈഭവ് സൂര്യവംശി. ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനലിലാണ് ശ്രീലങ്ക എ ടീമിനെതിരായ ഇന്ത്യ എ ടീമിന്റെ മത്സരത്തില്‍ വൈഭവ് സെഞ്ചുറിക്കരികിലെത്തി വീണത്. 29 പന്തില്‍ എട്ട് സിക്‌സറുകളും പത്ത് ഫോറുകളും ഉള്‍പ്പടെ 94 റണ്‍സെടുത്തു. 324.13 സ്‌ട്രൈക്ക് റേറ്റിലാണ് വൈഭവിന്റെ മിന്നുന്ന പ്രകടനം. എന്നാല്‍ സെഞ്ച്വറിക്ക് ആറ് റണ്‍സ് മാത്രം ശേഷിക്കെയാണ് വൈഭവ് ഗ്രൗണ്ടിൽ നിന്നും മടങ്ങിയത്.
ലിസ്റ്റ് എ ഏകദിന ക്രിക്കറ്റില്‍ ചരിത്ര സെഞ്ച്വറി കുറിക്കാനുള്ള അവസരമാണ് ഇതോടെ വൈഭവിന് നഷ്ടമായത്. എന്നാല്‍ ലിസ്റ്റ് എ ക്രിക്കറ്റില്‍ അതിവേഗ അര്‍ധ സെഞ്ച്വറി വൈഭവിന്റെ പേരിലായി. 11 പന്തിലാണ് അര്‍ധ സെഞ്ച്വറി നേടിയത്. ഐപിഎല്ലിൽ മിന്നുന്ന പ്രകടനം നടത്തിയ ശേഷമാണ് വൈഭവ് സൂര്യവംശി ഇന്ത്യ എ ടീമിനുവേണ്ടി കളിക്കാനെത്തിയത്. ഐപിഎല്ലിൽ അഞ്ച് പുരസ്‌കാരങ്ങളാണ് വൈഭവ് സൂര്യവംശി നേടിയത്.
