മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം; മാധ്യമങ്ങളെ നിരീക്ഷിക്കാൻ ക്യാമറ സ്ഥാപിച്ചതിൽ വിവാദം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളെ നിരീക്ഷിക്കാൻ ക്യാമറ സ്ഥാപിച്ചതിൽ വിവാദം. ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരെ നിരീക്ഷിക്കാനും ചിത്രീകരിക്കാനുമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ കസേരയ്ക്ക് വലത് വശത്തായി പ്രത്യേകം ക്യാമറ സജീകരിച്ചത്. എന്നാൽ മാധ്യമ പ്രവർത്തകർ ഇത് എന്തിനെന്ന് ചോദ്യം ഉയർത്തിയതോടെ പിആർഡി ജീവനക്കാർ ക്യാമറ മാറ്റുകയായിരുന്നു.
ഇന്ന് രാവിലെ പ്രളയദുരിതാശ്വാസമടക്കം പ്രഖ്യാപിക്കുന്നതിനായി മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാർത്താസമ്മേളനം ഉണ്ടാകുമെന്നറിയിച്ചിരുന്നു.

ഇതിനായി സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിലെ മീഡിയാ റൂമിലെത്തിയ മാധ്യമ പ്രവർത്തകരാണ് പതിവില്ലാതെയുള്ള ക്യാമറ ശ്രദ്ധിച്ചത്. പിന്നീട് മാറ്റാൻ നിർദേശം ലഭിച്ചതിനാൽ മാറ്റുന്നു എന്നാണ് ജീവനക്കാർ പ്രതികരിച്ചത്. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയെത്തി വാർത്താസമ്മേളനം ആരംഭിച്ചത്. അതേസമയം, സിപിഎം സംസ്ഥാന സമിതി ഓഫീസിലും ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് ഒരുവിഭാഗം മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടി.അതേസമയം, കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പ്രഖ്യാപിച്ചു.

വീട്ടിൽ വെള്ളം കയറിയ എല്ലാവർക്കും 10,000 രൂപ നൽകുമെന്നും സംസ്കാര കർമ്മങ്ങൾക്കും 10000 രൂപ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2024ൽ തൃശ്ശൂരിൽ കാലവർഷക്കെടുതിയിൽ ബാക്കി നൽകാനുള്ള ധനസഹായം അനുവദിച്ചു. കാലവർഷക്കെടുതിയിൽ 26പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. നാലു പേരെ കാണാനില്ല. സംസ്ഥാനത്ത് 462 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *