ന്യൂഡല്‍ഹി: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ യുവതാരം വൈഭവ് സൂര്യവംശിക്ക് അരങ്ങേറ്റം ലഭിക്കാത്തതില്‍ അത്ഭുതം പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ സമ്മര്‍ദ്ദങ്ങളിലേക്ക് ചുവടുവെക്കാന്‍ ഈ താരം പൂര്‍ണ സജ്ജനാണെന്നും, വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനം അദ്ദേഹത്തിന് വലിയൊരു അവസരമായിരിക്കുമെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. അയര്‍ലന്‍ഡ് പര്യടനത്തെ പുതുമുഖങ്ങളെ പരീക്ഷിക്കാനുള്ള വേദിയായാണ് പലരും കണ്ടിരുന്നത്. ഐപിഎല്ലിലെ മികച്ച പ്രകടനത്തിന് ശേഷം ദേശീയ ടീമിലേക്ക് എത്തിയ സൂര്യവംശിയെ ഈ പരമ്പരയില്‍ കളിപ്പിക്കുമെന്നായിരുന്നു ഗവാസ്‌കറുടെ പ്രതീക്ഷ. ഗവാസ്‌കറുടെ നിരീക്ഷണം.. ”അയര്‍ലന്‍ഡ് പരമ്പരയില്‍ വൈഭവ് സൂര്യവംശി അരങ്ങേറ്റം കുറിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പരമ്പരയിലെ രണ്ട് മത്സരങ്ങളിലും അദ്ദേഹം കളിക്കേണ്ടതായിരുന്നു. വരാനിരിക്കുന്ന വലിയ വെല്ലുവിളികള്‍ക്ക് മുന്‍പ് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ ഇതൊരു നല്ല അവസരമായിരുന്നു.” ഗവാസ്‌കര്‍ പറഞ്ഞു. അഭിഷേക് ശര്‍മ്മയ്ക്കൊപ്പമോ സഞ്ജു സാംസണിനൊപ്പമോ സൂര്യവംശിയെ ഓപ്പണിംഗ് ജോഡിയായി ഇറക്കുമെന്നാണ് ഗവാസ്‌കര്‍ കരുതിയിരുന്നത്. എന്നാല്‍, ടി20 ലോകകപ്പ് നേടിയ ടീമിന്റെ സ്ഥിരത നിലനിര്‍ത്താനാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റ് ശ്രമിച്ചത്.
വൈഭവ് സൂര്യവംശിയെ എന്തുകൊണ്ട് ഒഴിവാക്കി?
