വളര്‍ത്തു നായയെ ഉപേക്ഷിച്ചാല്‍ 10,000 രൂപ പിഴ; നടപടിക്കൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: വളര്‍ത്തു നായയെ വഴിയില്‍ ഉപേക്ഷിക്കുന്നവര്‍ക്കും ലൈസന്‍സില്ലാതെ അവയെ വളര്‍ത്തുന്നവര്‍ക്കുമെതിരെ 10,000 രൂപ പിഴ ചുമത്താനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിനു പുറമെ അനുമതിയില്ലാതെ ബ്രീഡിങ് കേന്ദ്രങ്ങളോ പെറ്റ് ഷോപ്പുകളോ നടത്തുന്നതിനും 10,000 രൂപ വരെ പിഴ ചുമത്തും. തെരുവുനായ നിയന്ത്രണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നീക്കം.

വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സിങ്ങും പ്രതിരോധ കുത്തിവെപ്പും നിര്‍ബന്ധമാക്കും. ഉടമസ്ഥര്‍ ഉപേക്ഷിക്കുന്ന നായ്ക്കളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ മൈക്രോചിപ്പ് ഘടിപ്പിക്കുന്ന പദ്ധതിയും പരിഗണനയിലാണ്. പിഴ നടപ്പാക്കാനായി കേരള പഞ്ചായത്തിരാജ് ആക്റ്റിലും കേരള മുനിസിപ്പാലിറ്റി ആക്റ്റിലും ആവശ്യമായ ഭേദഗതികള്‍ വരുത്തും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും കണക്കുപ്രകാരം സംസ്ഥാനത്ത് നിലവില്‍ 8 ലക്ഷത്തോളം വളര്‍ത്തുനായ്ക്കളും 4 ലക്ഷത്തോളം തെരുവുനായ്ക്കളുമുണ്ട്.

റോഡുകളിലും പൊതുസ്ഥലങ്ങളിലും വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നത് തെരുവുനായ്ക്കളുടെ എണ്ണം പെട്ടെന്ന് വര്‍ധിക്കാനും അവ കൂടുതല്‍ അക്രമകാരികളാകാനും കാരണമാകുന്നുവെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍ വ്യക്തമാക്കി. വീടുകളില്‍ വളര്‍ന്ന് ശീലിച്ച നായകള്‍ക്ക് തെരുവില്‍ ഭക്ഷണവും അഭയവും കണ്ടെത്താനാകാതെ വരുമ്പോള്‍ അവ മറ്റ് നായക്കളുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയും അക്രമസ്വഭാവം കാണിക്കുകയും ചെയ്യുന്നുവെന്നും ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

നായകളെ പിടികൂടി പാര്‍പ്പിക്കാന്‍ ആവശ്യത്തിന് ഷെല്‍ട്ടറുകളില്ലാത്തതാണ് നിലവില്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിന് പരിഹാരമായി വന്ധ്യംകരണ (എബിസി) കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. സ്ഥിരം കേന്ദ്രങ്ങളില്ലാത്ത ജില്ലകള്‍ക്കായി കൂടുതല്‍ മൊബൈല്‍ എബിസി യൂണിറ്റുകള്‍ ലഭ്യമാക്കും. തെരുവുനായകള്‍ക്ക് ശാസ്ത്രീയമായ രീതിയില്‍ ഭക്ഷണം നല്‍കാനുള്ള പ്രത്യേക ഫീഡിങ് സോണുകള്‍ നിര്‍ണയിക്കും.

നിയമ ഭേദഗതിയും കരട് ചട്ടങ്ങളും സംബന്ധിച്ച അന്തിമ തീരുമാനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ഈയാഴ്ച ചേരുന്ന യോഗത്തില്‍ കൈക്കൊള്ളും. തെരുവുനായകളുടെ പ്രജനനവും ആക്രമണവും നിയന്ത്രിക്കുന്നതിനായി ഓഗസ്റ്റ് 7നകം സമഗ്രമായ കര്‍മപദ്ധതി ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുകയാണ് സര്‍ക്കാര്‍. ഈ റിപ്പോര്‍ട്ട് ഹൈക്കോടതി സുപ്രീംകോടതിക്ക് കൈമാറും. നവംബര്‍ 17നാണ് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *