മുഖ്യമന്ത്രി പ്രഖ്യാപനം; കടുത്ത അമര്‍ഷത്തിൽ രമേശ് ചെന്നിത്തല

ന്യൂഡൽഹി: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഹൈക്കമാൻഡിനെ വിയോജിപ്പ് അറിയിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അച്ചടക്കം പാലിച്ചിട്ടും അവ​ഗണനയെന്നും സീനിയോറിറ്റി പരി​ഗണിക്കപ്പെട്ടില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. നിയമസഭ കക്ഷിയോ​ഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച ചെന്നിത്തല മന്ത്രിസഭയിൽ ചേരില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കെ.സി വേണുഗോപാലിനും വി ഡി സതീശനുമൊപ്പം കേരള മുഖ്യമന്ത്രി പദവിയിലേക്ക് അവസാന നിമിഷം വരെ പരി​ഗണിക്കപ്പെട്ട നേതാവാണ് രമേശ് ചെന്നിത്തല.

അതേസമയം, വഴുതക്കാട്ടെ വീട്ടിൽ നിന്ന് രമേശ് ചെന്നിത്തല പുറത്തേക്ക് പോയതായാണ് വിവരം. അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുമായുളള സംഭാഷണത്തിലും തന്‍റെ വിയോജിപ്പ് അദ്ദേഹം അറിയിച്ചിട്ടിട്ടുണ്ടെന്നാണ് വിവരം. വലിയ നിരാശയെന്ന് ഹരിപ്പാട്ടെ കോൺഗ്രസ്‌ പ്രവർത്തകരും പ്രതികരിച്ചു. അവസാന തീരുമാനം രമേശ് ചെന്നിത്തലയിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചുവെന്നും അർഹതപ്പെട്ട അംഗീകാരം ലഭിച്ചില്ലെന്നുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതികരണം. സോഷ്യൽ മീഡിയയിൽ കെ. സി വേണുഗോപാലിനും രമേശ്‌ ചെന്നിത്തലയ്ക്കും എതിരെ സംഘടിതമായ ആക്രമണം നടന്നിരുന്നു. ഇക്കാര്യത്തിൽ പാർട്ടി അന്വേഷണം വേണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. 11 ദിവസത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ടാണ് വി. ഡി സതീശനെ കേരള മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *