ഡി.പി. വേൾഡുമായി 50 വർഷത്തെ കരാർ

ഫുജൈറ : ഫുജൈറ പോർട്‌സ് അതോറിറ്റിയും ഡി.പി. വേൾഡും ചേർന്ന് അൽ റുഗയലാത്ത്, ദിബ്ബ എന്നീ രണ്ടു തുറമുഖങ്ങൾ വികസിപ്പിക്കുന്നതിനായി 50 വർഷത്തെ കരാർ ഒപ്പുവെച്ചു. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്. വസ്തുക്കളും വാഹനങ്ങളും കൺടെയ്‌നറുകളും കൈകാര്യം ചെയ്യാനുള്ള ഫുജൈറയുടെ ശേഷി വർധിപ്പിക്കുന്നതാണ് പദ്ധതി. അറബിക്കടലിൽ പുതിയൊരു ആഴക്കടൽ വാണിജ്യകവാടം തുറക്കുന്നതിലൂടെ യു.എ.ഇ.യിലേക്കുള്ള ചരക്കുനീക്കം കൂടുതൽ എളുപ്പമാകും. പ്രതിവർഷം 25 ലക്ഷം കൺടെയ്‌നറുകൾ, 17 ലക്ഷം ടൺ ജനറൽ കാർഗോ, 1,90,000 വാഹനങ്ങൾ എന്നിവ കൈകാര്യംചെയ്യാൻ ശേഷിയുള്ള രീതിയിലാണ് അൽ റുഗയലാത്ത് തുറമുഖം രൂപകല്പന ചെയ്തിരിക്കുന്നത്. ഏറ്റവും പുതിയതലമുറയിലെ വലിയ കൺടെയ്‌നർ കപ്പലുകളെയും ഇവിടെ സ്വീകരിക്കാൻ കഴിയും. പ്രതിവർഷം 36 ലക്ഷം ടൺ ജനറൽ കാർഗോ കൈകാര്യം ചെയ്യാനുള്ള ശേഷി ദിബ്ബ തുറമുഖത്തുണ്ടാകും. രണ്ട് തുറമുഖങ്ങളും അവരുടേതായ ലോജിസ്റ്റിക്സ് സോണുകളുമായി ബന്ധിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *