ഡൽഹി: വീക്കം കുറയ്ക്കാനും സന്ധിവേദന അകറ്റാനുമായി ഇൻസ്റ്റഗ്രാമിൽ ഡോക്ടർ പങ്കുവെച്ച വീഡിയോ കണ്ടാണ് 57 വയസുകാരിയായ കേറ്റി മോഹൻ മഞ്ഞൾ സപ്ലിമെന്റുകൾ കഴിക്കാൻ തുടങ്ങിയത്. എന്നാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ വയറുവേദന, ഓക്കാനം, കഠിനമായ ക്ഷീണവും അനുഭവപ്പെട്ടതിനെത്തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ മഞ്ഞളിലെ ‘കുർകുമിൻ’ എന്ന ഘടകം അമിതമായ അളവിൽ ശരീരത്തിലെത്തിയത് കരളിലെ എൻസൈമുകളുടെ അളവ് വർധിപ്പിക്കുകയും ശരീരത്തിന് ദോഷകരമായി മാറുകയും ചെയ്തുവെന്ന് കണ്ടെത്തി. എല്ലാ ദിവസവും ധാരാളം വെള്ളം കുടിച്ചിട്ടും മൂത്രം ഇരുണ്ടതായി കാണപ്പെട്ടുവെന്നും അവർ പറഞ്ഞു.
ഏറെ ആരോഗ്യഗുണങ്ങളുള്ള സുഗന്ധദ്രവ്യമാണ് മഞ്ഞൾ എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. മഞ്ഞളില്‍ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഏറെയുണ്ട്. അത് അമിതമായി കഴിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. മഞ്ഞളിലെ കുർക്കുമിൻ ചെറിയ അളവിലോ പാചകപരമായ അളവിലോ പൊതുവെ സുരക്ഷിതമാണ്. എന്നാല്‍ സപ്ലിമെന്റുകളിൽ നിന്നുള്ള ഉയർന്ന ഡോസുകൾ ദിവസേനയോ, അമിതമായോ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്.
