കുവൈത്ത്: പുതിയതായി നവീകരിച്ച് പ്രവർത്തനം ആരംഭിച്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ബുധനാഴ്ച ഉണ്ടായ ഇറാൻ ആക്രമണത്തിന്റെ ഭീതിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി. വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ 1ലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറങ്ങുന്നതും വലിയ രീതിയിൽ തീപിടിത്തമുണ്ടാകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ആക്രമണത്തിൽ ഒരു ഇന്ത്യൻ യാത്രക്കാരൻ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്.
വിമാനത്താവളത്തിലെ വിവിധ ഭാഗങ്ങളിലുള്ള ഒന്നിലധികം സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ ചേർത്താണ് അതോറിറ്റി വീഡിയോ പുറത്തുവിട്ടത്. ഡ്രോൺ വന്നിടിച്ച ആഘാതത്തിൽ ടെർമിനൽ 1-ന്റെ മേൽക്കൂരയുടെ ഒരു ഭാഗം പൂർണ്ണമായി തകർന്നു വീഴുന്നതും, പുകപടലങ്ങൾക്കിടയിലൂടെ യാത്രക്കാർ ജീവരക്ഷാർത്ഥം ചിതറിയോടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും പൂർത്തിയാക്കി, വിദേശ-അറബ് എയർലൈനുകൾക്കായി ഘട്ടംഘട്ടമായി സർവ്വീസുകൾ പുനരാരംഭിച്ചതിന്റെ രണ്ടാം നാളിലാണ് ഈ ആക്രമണം ഉണ്ടായത്.
