ഭർത്താവുമായി സാമ്പത്തിക തർക്കം, വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ സംഘം അറസ്റ്റിൽ

കൊച്ചി: ഭർത്താവുമായി സാമ്പത്തിക തർക്കത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പോർച്ചിൽ കിടന്ന കാർ മോഷ്ടിച്ച അഞ്ച് പേർ പിടിയിൽ. വേങ്ങൂർ അരുവപ്പാറ ഈട്ടുങ്കൽ പടി വീട്ടിൽ വിജയൻ (68), പ്ലാച്ചേരി വീട്ടിൽ അലൻ (26), മഞ്ഞാക്കൽ വീട്ടിൽ രാജൻ (61),മേക്കപ്പാല മാലിക്കുടി വീട്ടിൽ ബേസിൽ ജോർജ് (30), കോട്ടപ്പടി പ്ലാമുട്ടി മാലിയിൽ വീട്ടിൽ ആഷിൽ (25), എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ അനിൽ ജോർജിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആണ് അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തത്.

ഈ മാസം നാലാം തിയ്യതി വൈകിട്ട് 4 മണിയോടെയാണ് സംഭവം നടന്നത്. മുവാറ്റുപുഴ ഈസ്റ്റ് മാറാടി ഭാഗത്തെ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പോർച്ചിൽ കിടന്ന കാർ കവർച്ച നടത്തുകയായിരുന്നു. പരാതിക്കാരിയുടെ ഭർത്താവുമായുള്ള സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള തർക്കമാണ് കാരണം.

അന്വേഷണ സംഘത്തിൽ എസ്ഐമാരായ എൻഎസ് റോയ്, എസ് ശ്രീനാഥ്, പി സി ജയകുമാർ,സി പി ബഷീർ, എം വി ദിലീപ് കുമാർ, എഎസ്ഐ സാബിർ കെ ഉസ്മാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഹാരിസ് എച്ച്, വി എ റഫീഖ്, എംപി രതീഷ്, കെ പി നിസാർ, ശ്രീജു രാജൻ, ബിനിൽ എൽദോസ് എന്നിവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *