ന്യൂഡല്‍ഹി: ജോണ്‍ ബ്രിട്ടാസ് എംപി ഇന്‍ഡ്യ സഖ്യത്തിലെ അസ്വാരസ്യങ്ങളില്‍ പരസ്യ പ്രതികരണം നല്‍കിയതില്‍ അതൃപ്തി പരസ്യമാക്കി കെ. സി വേണുഗോപാല്‍ എംപി. മീറ്റിങിന് മുന്‍പ് ബൈറ്റ് കൊടുക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്നും യോഗത്തില്‍ പറഞ്ഞ ശേഷം ബൈറ്റ് കൊടുത്താല്‍ മതിയായിരുന്നില്ലേയെന്നും കെ.സി വേണുഗോപാല്‍ ചോദിച്ചു. ഇന്‍ഡ്യ സഖ്യ യോഗത്തിന് കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബ്ബില്‍ എത്തിയപ്പോഴായിരുന്നു കെ. സി വേണുഗോപാലിന്റെ അതൃപ്തി പരസ്യമാക്കല്. ഇതിന് പിന്നാലെ കെ. സി വേണുഗോപാലിനെ ജോണ്‍ ബ്രിട്ടാസ് കെട്ടിപ്പിടിച്ചു.
യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ഇന്‍ഡ്യ സഖ്യത്തിലെ അസ്വാരസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ജോണ്‍ ബ്രിട്ടാസ് എംപി തുറന്നുപറഞ്ഞത്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രോഷവും അസംതൃപ്തിയും നുരഞ്ഞുപൊന്തുകയാണെന്നും അത്തരം സാഹചര്യത്തില്‍ പ്രതിപക്ഷമാണ് രാജ്യത്തിന് വഴികാട്ടിയാകേണ്ടതെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. അത്തരത്തില്‍ വഴികാട്ടേണ്ട ഒരു സഖ്യത്തിന്റെ നേതൃ പദവി അലങ്കരിക്കുന്ന കോണ്‍ഗ്രസ് കുറച്ചുകൂടി വിശാലമായി കാര്യങ്ങളെ കാണണം. യുക്തിഭദ്രമായി മുന്നണിയെ നയിക്കണമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞിരുന്നു. രാഷ്ട്രീയത്തിന് ഒരു മര്യാദയാണ്. രാഷ്ട്രീയ സദാചാരം പാലിക്കണം. ഇന്‍ഡ്യ സഖ്യ നേതൃത്വത്തിന് നല്കിയ കത്തില്‍ അക്കാര്യം വിശദീകരിച്ചിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞിരുന്നു.
ഇതിനിടെ ഇന്‍ഡ്യ മുന്നണിയിലെ ഭിന്നതയുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. ഒരുമിച്ചു നില്ക്കാന് വഴികള്‍ തേടണം എന്നായിരുന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞത്. രാജ്യത്തെ ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ ഒരുമിച്ച് നില്‍ക്കേണ്ടത് ആവശ്യമാണ്. എല്ലാം തെരഞ്ഞെടുപ്പ് അല്ലല്ലോയെന്നും സംസ്ഥാനങ്ങളിലെ ഭിന്നതകള്‍ മാറ്റിവെയ്ക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നീറ്റ്, ഇന്ധന വില വര്‍ധന തുടങ്ങി നിരവധി ജനകീയ പ്രശ്നങ്ങള്‍ ഉണ്ട്. ആരാണ് മുന്നണി മര്യാദ പാലിക്കാത്തത് എന്ന് എല്ലാവര്ക്കും അറിയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.
