കൗൺസിലർമാരുടെ കൂട്ടരാജി, തൃണമൂൽ കോൺ​ഗ്രസ് തകർച്ചയിലേക്ക് ?

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടിയിൽ നിന്ന് കൗൺസിലർമാരുടെ കൂട്ട പലായനമാണ് നടക്കുന്നത്. വിവിധ നഗരസഭകളിൽ നിന്നായി ഏകദേശം 100 കൗൺസിലർമാർ ഇതിനോടകം തന്നെ രാജി സമർപ്പിച്ചിട്ടുണ്ട്. പാർട്ടിക്കുള്ളിലെ അസംതൃപ്തി പരസ്യമാക്കി മുതിർന്ന നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

ഭട്പാറ, ഹാലിസഹർ, കാഞ്ചൻപാറ തുടങ്ങിയ നഗരസഭകളിൽ ഭൂരിഭാഗം കൗൺസിലർമാരും രാജി വെച്ചതോടെ ഭരണസ്തംഭനം ഉണ്ടായിരിക്കുകയാണ്. അഴിമതി ആരോപണങ്ങളെ തുടർന്നുള്ള കൗൺസിലർമാരുടെ അറസ്റ്റും പാർട്ടിയിൽ പരിഭ്രാന്തി പടർത്തിയിട്ടുണ്ട്.
ഇതിനിടെ തൃണമൂൽ എംപി കാകൊളി ഘോഷ് ദസ്തിദാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്തതും വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിതുറന്നു.

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കീമും പാർട്ടി നേതൃത്വവും തമ്മിലുള്ള ഭിന്നതയും രൂക്ഷമാണ്. അദ്ദേഹം മേയർ സ്ഥാനം ഒഴിയാൻ ആലോചിക്കുന്നതായും സൂചനയുണ്ട്. സുവേന്ദു അധികാരി സർക്കാർ തദ്ദേശ സ്ഥാപനങ്ങളുടെ മുൻകാല പ്രവർത്തനങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പലയിടത്തും രാജി പ്രവാഹം തുടങ്ങിയത്. 1998-ൽ പാർട്ടി രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് മമത ബാനർജി ഇപ്പോൾ നേരിടുന്നത് എന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *