തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്ന സംഭവത്തിൽ പരിഹാസവുമായി പി. സി ജോർജ്ജ്. ഒരു കരണത്തടിക്കുന്നവന് മറു കരണം കൂടി കാട്ടി കൊടുക്കണം എന്ന് പഠിപ്പിക്കുന്ന പുതിയ നിയമത്തേക്കാൾ എനിക്ക് ഇഷ്ടം കണ്ണിന് പകരം കണ്ണ് പല്ലിനു പകരം പല്ല് എന്ന് പഠിപ്പിക്കുന്ന പഴയ നിയമമാണ്. വിജയനും കുടുംബത്തിനും ആശംസകൾ എന്നുമാണ് സാമൂഹ്യ മാധ്യമത്തിലെ കുറിപ്പിൽ പി. സി ജോർജ് വിശദമാക്കിയത്. പി. സി ജോർജിന്റെ മകനും ബിജെപി നേതാവുമായ ഷോൺ ജോർജ്ജ് മാസപ്പടി ആരോപണത്തിൽ തുടർ അന്വേഷണത്തിനായി നിരന്തരം കോടതികളെ സമീപിച്ചിരുന്നു.
പിണറായി വിജയന്റെ കണ്ണൂരിലെ വസതിയിലും തിരുവനന്തപുരം ബേക്കറി ജംക്‌ഷനിലുള്ള വാടകവീട്ടിലുമാണ് പ്രധാനമായും പരിശോധന നടക്കുന്നത്. സിഎംആര്‍എല്‍ ഓഫീസിൽ അടക്കം പത്തിടങ്ങളിലാണ് ഇ. ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. റെയ്ഡിനെതിരെ കനത്ത പ്രതിഷേധവുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ട്. കണ്ണൂരിൽ പി. ജയരാജന്റെ നേതൃത്വത്തിലും കോഴിക്കോട്ട് എം. മെഹബൂബിന്റെ നേതൃത്വത്തിലും പാർട്ടി പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.
