യുക്രൈനിൽ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ

പ്രായാഗ്‌രാജ്: യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം. ആക്രമണത്തിന് പിന്നാലെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയായ 22കാരൻ റാം ചന്ദ്ര ദുബെ എന്ന മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി. കഴിഞ്ഞ ജൂലൈ 25നാണ് സംഭവം നടന്നത്.

നാവികസേനയിൽ നിന്ന് വിരമിച്ച രമേഷ് ചന്ദ്ര ദുബെയുടെ മകനായ റാം ചന്ദ്ര, തന്റെ രണ്ടാമത്തെ വിദേശ ദൗത്യത്തിനായാണ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ യാത്രതിരിച്ചത്. ജൂലൈ 24ന് രാത്രിയിലാണ് റാം ചന്ദ്ര അവസാനമായി അമ്മ കൽപന ദുബെയുമായി ഫോണിൽ സംസാരിച്ചത്. കപ്പൽ യുക്രൈനിൽ നിന്ന് യാത്ര തിരിച്ചതായി അദ്ദേഹം കുടുംബത്തെ അറിയിച്ചിരുന്നു. മണിക്കൂറുകൾക്കകം ഒഡേസ തുറമുഖത്തിന് സമീപം കപ്പലിനുനേരെ ഡ്രോൺ ആക്രമണം ഉണ്ടാവുകയായിരുന്നു.

‘എം.വി എ.ജി.എൻ റാഗ്നർ’ എന്ന വിദേശ കപ്പലിലാണ് അദ്ദേഹം സഞ്ചരിച്ചത്. കപ്പലിൽ ആകെയുണ്ടായിരുന്ന എട്ട് ജീവനക്കാരിൽ നാലു പേർ ഇന്ത്യക്കാരായിരുന്നു. ഡ്രോൺ ആക്രമണം ഉണ്ടായ ഉടൻ ജീവൻ രക്ഷിക്കാനായി ഇന്ത്യൻ നാവികർ കടലിലേക്ക് ചാടുകയായിരുന്നു. യുക്രൈൻ രക്ഷാസേന നടത്തിയ തെരച്ചിലിൽ രണ്ടു ഇന്ത്യൻ ജീവനക്കാരെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കാനായി. എന്നാൽ റാം ചന്ദ്ര ദുബെയെയും യുപിയിലെ റായ്ബറേലി സ്വദേശിയായ മറ്റൊരു ഇന്ത്യൻ നാവികനെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

സംഭവമറിഞ്ഞ് റാം ചന്ദ്രയുടെ സഹോദരൻ കൃഷ്ണ ദാസ് ദുബെയും കുടുംബവും ഡൽഹിയിലെത്തി കപ്പൽ കമ്പനി അധികൃതരെ കണ്ടു. തെരച്ചിൽ തുടരുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കിയെങ്കിലും ആശങ്ക ഒഴിയാത്ത സാഹചര്യത്തിൽ കുടുംബം പ്രധാനമന്ത്രിയുടെ ഓഫീസിനെയും വിദേശകാര്യ മന്ത്രാലയത്തെയും സമീപിച്ചു.

യുക്രൈനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കാണാതായ ഇന്ത്യക്കാരെ കണ്ടെത്താനുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കീവിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *