യാത്രക്കാരെ വലച്ച് സ്‌പൈസ് ജെറ്റ്; ദുബായ്-കൊച്ചി വിമാനം വൈകുന്നു, യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം

കൊച്ചി: യാത്രക്കാരെ വലച്ച് സ്‌പൈസ് ജെറ്റ്. ദുബായ്- കൊച്ചി വിമാനം 12 മണിക്കൂറായി പുറപ്പെട്ടിട്ടില്ല. യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ കയറിയെങ്കും വിമാനം ടേക്ക്ഓഫ് ചെയ്യാന്‍ വൈകുകയായിരുന്നു. വിമാനത്തിനുള്ളില്‍ മണിക്കൂറുകള്‍ ചെലവഴിക്കേണ്ടി വന്നതോടെ ഒരു യാത്രക്കാരിക്ക് ദേഹാസ്വസ്ഥ്യമുണ്ടായതായി വിവരമുണ്ട്.

ഇതിനിടെ കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കി. ഇതോടെ അര്‍ദ്ധരാത്രിയില്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ ദുരിതത്തിലായി. തുടര്‍ന്ന് വിമാനത്താവളത്തില്‍ യാത്രക്കാരും എയര്‍ലൈന്‍ ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഇന്നലെ രാത്രി 10 മണിക്ക് വിമാനം പുറപ്പെടുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ വൈകീട്ട് മൂന്ന് മണിയോടെ വിമാനം പുലര്‍ച്ചെ 2 മണിക്ക് മാത്രമേ പുറപ്പെടൂ എന്ന സന്ദേശം യാത്രക്കാര്‍ക്ക് ലഭിച്ചു. തുടര്‍ന്ന് രാത്രിയോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സര്‍വീസ് റദ്ദാക്കിയെന്ന് കമ്പനി അറിയിച്ചത്. തുടര്‍ന്നായിരുന്നു പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *