പിഎംശ്രീ നടപ്പാക്കുമെങ്കിലും ഒരു വർഗീയ അജണ്ടയും അനുവദിക്കില്ലെന്ന് എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎംശ്രീ പദ്ധതി നടപ്പാക്കുന്നതിനെതിരെ നേരത്തെ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്ന യുഡിഎഫ് ഇപ്പോൾ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതോടെ നയപരമായ വൈരുധ്യമെന്ന വിമർശനം ശക്തമാണ്. മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെ പ്രതിപക്ഷ നേതാക്കൾ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ പദ്ധതി നടപ്പാക്കുമെങ്കിലും കേരളത്തിൽ ഒരു വർഗീയ അജണ്ടയും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. കേരള സിലബസ് തന്നെയായിരിക്കും തുടർന്നും പഠിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

പി.എം.ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിസന്ധി സൃഷ്ടിച്ചത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരാണെന്നും, ഇപ്പോഴത്തെ സർക്കാർ അതിൽ നിന്ന് പിന്മാറാൻ കഴിയാത്ത സാഹചര്യത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു കാരണവശാലും കേരളത്തിന്റെ വിദ്യാഭ്യാസ നയത്തിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും മന്ത്രി ആവർത്തിച്ചു.പിഎംശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചതോടെ നടപ്പാക്കൽ നടപടികൾ വേഗത്തിലാക്കുകയാണ്. സിലബസിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കേരള സിലബസ് തന്നെയായിരിക്കും പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കുന്ന 265 സ്കൂളുകളിലും പഠിപ്പിക്കുകയെന്നും സർക്കാർ വ്യക്തമാക്കി. കേന്ദ്രം സിലബസിൽ ഇടപെടാൻ ശ്രമിച്ചാൽ നിയമപോരാട്ടം നടത്താനാണ് നിലവിലെ തീരുമാനം.

ഇന്നലെ ചേർന്ന യുഡിഎഫ് യോഗത്തിൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ നയപരമായ ധാരണയിലെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത മന്ത്രിസഭാ യോഗത്തിന് മുമ്പ് മന്ത്രിതല ഉപസമിതി വീണ്ടും ചേർന്ന് റിപ്പോർട്ട് സമർപ്പിക്കും. പദ്ധതി നടപ്പാക്കാൻ മന്ത്രിസഭ അംഗീകാരം നൽകിയാൽ സ്കൂളുകളുടെ പട്ടിക തയ്യാറാക്കി കേന്ദ്രത്തിന് കൈമാറും. സംസ്ഥാന സർക്കാർ പട്ടിക അപ്‌ലോഡ് ചെയ്ത ശേഷമായിരിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അന്തിമമായി സ്കൂളുകൾ തിരഞ്ഞെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *