കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി വിധി നാളെ

കൊച്ചി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട പോക്സോ കേസിൽ പെൺകുട്ടിയും ആൺസുഹൃത്ത് ഫർമാൻ ഖാനും നൽകിയ മുൻ‌കൂർ ജാമ്യഹർജി ഹൈക്കോടതി നാളെ വിധി പറയും. തനിക്ക് പ്രായപൂർത്തിയായെന്നും മധ്യപ്രദേശ് സർക്കാരിന്റെ സഹായത്തോടെയാണ് ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നും പെൺകുട്ടി കോടതിയിൽ പറഞ്ഞു. പെൺകുട്ടിക്ക് പതിനെട്ട് വയസ്സ് തികഞ്ഞിട്ടില്ലെന്നാണ് മധ്യപ്രദേശ് സർക്കാരിന്റെ വാദം.

ഇരയായ പെൺകുട്ടിയ്ക്ക് പരാതിയില്ലല്ലോയെന്ന് കോടതി ചോദിച്ചു. കേരളത്തിൽ ആയതുകൊണ്ടാണ് ജീവനോടെയിരിക്കുന്നത്. മധ്യപ്രദേശിൽ പോയാൽ ദുരഭിമാനക്കൊല ചെയ്യും എന്ന് ഭീഷണിയുണ്ടെന്നും പെൺകുട്ടി പറഞ്ഞു.

കഴിഞ്ഞ മാർച്ച് 11ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവി ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം നടന്നത്. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തുകയുണ്ടായി.​ വിവാഹത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചെന്നാണ് ദേശീയ പട്ടികവർഗ കമ്മീഷൻ്റെ കണ്ടെത്തല്‍. 2009 ഡിസംബർ 30 നാണ് പെൺകുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതായും കമ്മീഷൻ റിപ്പോർട്ടിലുണ്ട്. ഇതോടെയാണ് ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *