ബംഗാള്‍ ടി20 ലീഗില്‍ തകര്‍പ്പന്‍ ഹാട്രിക്കുമായി മുഹമ്മദ് ഷമി

കൊല്‍ക്കത്ത: ബംഗാള്‍ ടി20 ലീഗില്‍ തകര്‍പ്പന്‍ ഹാട്രിക്കുമായി ഇന്ത്യന്‍ വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി. റാഢ് ടൈഗേഴ്‌സിനെതിരായ മത്സരത്തില്‍ സിലിഗുരി സ്‌ട്രൈക്കേഴ്‌സിന് തകര്‍പ്പന്‍ വിജയം സമ്മാനിക്കുന്നതിൽ ഷമി നിർണായക പങ്ക് വഹിച്ചു. മികച്ച ആഭ്യന്തര സീസണിന് ശേഷവും ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടാതിരുന്ന ഷമിയുടെ അന്താരാഷ്ട്ര ഭാവി സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഈ പ്രകടനം വീണ്ടും വഴിവെച്ചിരിക്കുകയാണ്.

മത്സരത്തിന്റെ പതിനാറാം ഓവറില്‍ ഷഹബാസ് അഹമ്മദിനെ പുറത്താക്കിയ ഷമി, തൊട്ടടുത്ത പന്തുകളില്‍ രോഹിത് കുമാര്‍, ദീപഞ്ജന്‍ മുഖര്‍ജി എന്നിവരെയും മടക്കിയാണ് ഹാട്രിക് തികച്ചത്. നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ ഷമി, സിലിഗുരി സ്‌ട്രൈക്കേഴ്‌സിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. നിലവില്‍ നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഷമിയെ ഒഴിവാക്കി ആഴ്ചകള്‍ക്ക് ശേഷമാണ് ഈ പ്രകടനം വരുന്നത്. ഈ വര്‍ഷം ആദ്യം നടന്ന ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലും, മികച്ച ആഭ്യന്തര പ്രകടനം നടത്തിയിട്ടും ഷമിയെ സെലക്ടര്‍മാര്‍ അവഗണിച്ചിരുന്നു.

ഷമിയുടെ ടെസ്റ്റ് മടങ്ങിവരവ് ചര്‍ച്ചകളില്‍ ഇല്ലെന്ന് അടുത്തിടെ ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കര്‍ വ്യക്തമായിരുന്നു. വര്‍ക്ക് ലോഡ് മാനേജ്മെന്റും ഫിറ്റ്‌നസ് ആശങ്കകളുമാണ് ഷമിയെ തെരഞ്ഞെടുക്കുന്നതില്‍ നിന്ന് സെലക്ടര്‍മാരെ പിന്നോട്ട് വലിക്കുന്നത് എന്നാണ് അഗാര്‍ക്കറുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. മത്സരരംഗത്തേക്ക് തിരിച്ചെത്തി മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും, ടെസ്റ്റ്, ഏകദിന ടീമുകളിലേക്ക് അദ്ദേഹത്തെ വീണ്ടും ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ടീം മാനേജ്മെന്റ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *