കുവൈത്ത് : കുവൈത്തിൽ കടുത്ത വേനൽക്കാലത്തെ തുടർന്ന് നടപ്പിലാക്കിയ ഉച്ചവിശ്രമ നിയമം തൊഴിലുടമകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പ്രത്യേക പരിശോധനാ സംഘത്തെ നിയോഗിച്ചു. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ കടുത്ത ചൂടിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഉച്ചസമയങ്ങളിൽ നിർബന്ധിത ജോലി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. നിയമലംഘനം നടത്തുന്ന തൊഴിലുടമകൾക്കെതിരെ 2010-ലെ ആറാം നമ്പർ നിയമപ്രകാരം കടുത്ത പിഴയും നിയമനടപടികളും സ്വീകരിക്കും. നിയമം ലംഘിക്കുന്ന കമ്പനികളുടെ ഫയലുകൾ, അവർ വീഴ്ചകൾ തിരുത്തുന്നത് വരെ താൽക്കാലികമായി മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഉച്ചവിശ്രമ വിലക്ക് ലംഘിച്ച് നിയന്ത്രണമുള്ള മണിക്കൂറുകളിൽ തൊഴിലാളികളെക്കൊണ്ട് പുറത്ത് ജോലി ചെയ്യിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അത് റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോടും അതോറിറ്റി അഭ്യർഥിച്ചു. ഫലപ്രദമായ നിയമപാലനത്തിന് പൊതുജന പങ്കാളിത്തം അനിവാര്യമാണ്. നിയമലംഘനങ്ങൾ 24936192 എന്ന അടിയന്തര ഹെൽപ്പ് ലൈൻ നമ്പറിലൂടെ അറിയിക്കാം.
ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന തൊഴിലുടമകൾക്കെതിരെ കർശന നടപടി
